പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങി ഇറാന്‍. ഖേദിക്കേണ്ടി വരുമെന്നും കടുത്ത ശിക്ഷ ഉറപ്പാണെന്നും ഇറാന്‍ വിപ്ലവസേന ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവന പുറത്തിറക്കി. ശക്തമായ തിരിച്ചടി ഉടനെന്ന് ഇറാന്‍ കാബിനറ്റും മുന്നറിയിപ്പ് നല്‍കി. ഇറാന്‍റെ ഭീഷണി ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നതിന്‍റെ സൂചനയാണ്. ഇറാനില്‍ താല്‍ക്കാലിക ഭരണകൂടം അധികാരമേറ്റു. പ്രസിഡന്‍റും ജുഡീഷ്യറി മേധാവിയും ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് സമിതിയിലുള്ളത്.
ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആക്രമണം ആരംഭിച്ച് കഴിഞ്ഞതായി ഐആർജിസിയുടെ പ്രസ്താവന ഉദ്ധരിച്ച ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നിമിഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും മേഖലയിലെ യു.എസ്, ഇസ്രയേല്‍ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുകയെന്നും ഐആർജിസി വ്യക്തമാക്കി. മികച്ച നേതാവിനെ നഷ്ടമായെന്നും മരണത്തില്‍ ദുഃഖിക്കുന്നു എന്നുമായിരുന്നു ഖമനയിയുടെ മരണത്തിന് പിന്നാലെ ഐആര്‍ജിഎസ് പ്രതികരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലെ ഓഫീസിലായിരുന്നു ഖമനയി എന്നാണ് വിവരം. 'ചുമതലകൾ നിർവഹിക്കുന്നതിനിടെ' ഖമേനി കൊല്ലപ്പെട്ടുവെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഇറാനില്‍ ഇനി പുതുയുഗമെന്നാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജകുടുംബത്തിന്‍റെ പ്രതികരണം. ഖമനയിയെ ചരിത്രത്തില്‍നിന്ന് തുടച്ചുനീക്കിയതായി റെസ പെഹ്‌ലവി പറഞ്ഞു. അതേസമയം, ഇറാനില്‍ യു.എസ്– ഇസ്രയേല്‍ സംയുക്ത സേന ആക്രമണം തുടരുകയാണ്. പടിഞ്ഞാറന്‍, മധ്യ ഇറാനിലെ 30 ലക്ഷ്യങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മറ്റ് ഇറാന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
യു.എസ്– ഇസ്രയേല്‍ സംയുക്ത സേന ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂരി' യിലാണ് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. ഡോണള്‍ഡ് ട്രംപും ബെന്യമിന്‍ നെതന്യാഹുവുമാണ് ഖമനയി മരിച്ച വിവരം ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ഇറാന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടു. ഇറാന്‍ പ്രതിരോധമന്ത്രി അമീര്‍ നാസിര്‍സാദെയും റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൗറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ഇറാന്‍റെ തിരിച്ചടി ഗള്‍ഫിലാണ്. ഇറാന്‍ ആക്രമണത്തില്‍ ജബല്‍ അലിയില്‍ തീപിടിത്തമുണ്ടായി. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ദുബായ് തുറമുഖത്ത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. ദുബായ് വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. ഒരു ടെര്‍മിനലിന് നേരിയ കേടുപാടുകള്‍ പറ്റി. നാലുപേര്‍ക്ക് പരുക്കേറ്റു. കുവൈത്ത്, ബഹ്റൈന്‍ വിമാനത്താവളവും ആക്രമിച്ചു.