(Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരണത്തിനു ശേഷവും സ്ഥിതിഗതികള്‍ സങ്കീര്‍ണമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ ജനങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്തുവരണമെന്ന് ട്രംപ് ആഹ്വാനം ചെയ്തതിനെത്തുടർന്ന് തെരുവുകളിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു. സ്ത്രീകള്‍ ഹിജാബ് ധരിക്കാതെ തെരുവുകളിലിറങ്ങി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവന്നു. യുഎസിലും ഇസ്രയേലിലും ജൂതവംശജരും ഇറാന്‍ സ്വദേശികളും നിരത്തിലിറങ്ങി ഖമനയിയുടെ മരണം ആഘോഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
36 വര്‍ഷത്തെ ആയത്തുല്ല അലി ഖമനയി ഭരണത്തിന് ഇതോടെ അന്ത്യമായി. ടെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള ഏകാധിപതി അലി ഖമനയിയുടെ സമുച്ചയം തകർക്കപ്പെട്ടു, ഇനി ഈ ഏകാധിപതിയില്ല എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. 'ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരില്‍ ഒരാള്‍, മരിച്ചു എന്നാണ് നേരത്തേ ട്രംപ് കുറിച്ചത്. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതിയാണെന്നും ഇറാന് മാത്രമല്ല ഖമനയിയുടെയും ഇറാന്‍റെയും രക്തദാഹത്തിനിടെ ജീവന്‍ നഷ്ടമായ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുമുള്ള നീതി നടപ്പാക്കലാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഇറാനെതിരെയുള്ള ഇരുരാജ്യങ്ങളുടെയും ആക്രമണം ആവശ്യമുള്ളിടത്തോളം കാലം തുടരുമെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു. ടെഹ്റാനിലെ അവശിഷ്ടങ്ങളില്‍ നിന്നാണ് ആയത്തുല്ല അലി ഖമനയിയുടേയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇറാനിലെ ജനതയുടെ സ്വാതന്ത്ര്യം അടുത്തുവെന്നാണ് ട്രംപ് ജനതയോട് പറഞ്ഞത്. വീടുകളിൽ തന്നെ കഴിയണമെന്നും പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ട്രംപ്. ബോംബുകൾ എല്ലായിടത്തും പതിക്കും. ഞങ്ങൾ ഇത് പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ സർക്കാർ ഏറ്റെടുക്കുക. അത് നിങ്ങളുടെ കൈകളിൽ എത്തും എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇറാന്റെ പരമാധികാരം ജനങ്ങൾ ഏറ്റെടുക്കണമെന്നും സഹായത്തിനായി തങ്ങളുടെ സൈന്യം അവിടെയുണ്ടെന്നും നെതന്യാഹുവും ഇറാൻ ജനതയോട് ആഹ്വാനം ചെയ്തു.