donald-trump-saudi-visit

U.S. President Donald Trump and Saudi Crown Prince and Prime Minister Mohammed Bin Salman shake hands during a Memorandum of Understanding (MOU) signing ceremony at the Royal Court in Riyadh, Saudi Arabia, May 13, 2025. REUTERS/Brian Snyder

അമേരിക്കന്‍ പ്രസി‍ഡന്‍റ് ഡോണള്‍ഡ് ട്രംപ് ഗള്‍ഫ് പര്യടനം തുടങ്ങി. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലാണ് നാലുദിവസത്തെ സന്ദര്‍ശനം. ഉച്ചയോടെ റിയാദില്‍ എത്തിയ ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. തുടര്‍ന്ന് കിങ് ഖാലിദ് വിമാനത്താവളത്തിലെ ഗ്രാന്‍ഡ് ഹാളില്‍ ട്രംപിനും സംഘത്തിനും അറബ് പാരമ്പര്യമനുസരിച്ചുള്ള വരവേല്‍പ്പും സല്‍ക്കാരവും നല്‍കി.

ട്രംപിന്‍റെ എയര്‍ഫോഴ്സ് വണ്‍ വിമാനം റിയാദിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ സൗദി റോയല്‍ എയര്‍ഫോഴ്സിന്‍റെ എഫ്–15 പോര്‍വിമാനങ്ങള്‍ അകമ്പടി സേവിച്ചിരുന്നു. 2022ല്‍ പ്രസി‍ഡന്‍റ് ജോ ബൈഡ‍ന്‍ സൗദി സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച സ്വീകരണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തവും ഊഷ്മളവുമായ വരവേല്‍പ്പാണ് ട്രംപിന് ലഭിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെച്ചൊല്ലി അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ഇടഞ്ഞുനിന്ന ഘട്ടത്തിലായിരുന്നു ബൈഡന്‍റെ സന്ദര്‍ശനം.

അമേരിക്കയിലേക്ക് പരമാവധി നിക്ഷേപം ആകര്‍ഷിക്കുകയാണ് ഡോണള്‍ഡ് ട്രംപിന്‍റെ ഗള്‍ഫ് പര്യടനത്തിന്‍റെ മുഖ്യലക്ഷ്യം. ഒപ്പം ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതും ഇറാന്‍റെ ആണവപദ്ധതിയും സിറിയ, യെമന്‍, ലെബനന്‍ പ്രശ്നങ്ങളും ചര്‍ച്ചയാകും. നാലുദിവസം മേഖലയിലുണ്ടായിട്ടും ട്രംപ് ഇസ്രയേല്‍ സന്ദര്‍ശിക്കുന്നില്ല. ഇസ്രയേലിനെ അവഗണിച്ച് ഹമാസുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയുണ്ട്.

trump-and-saudi-king

US President Donald Trump and the kingdom's Crown Prince Mohammed Bin Salman talk before a coffee ceremony at the Royal Court in Riyadh on May 13, 2025.(Photo by Brendan Smialowski / AFP)

റിയാദില്‍ ഇലോണ്‍ മസ്ക് ഉള്‍പ്പെടെ അതിസമ്പന്നരായ അമേരിക്കന്‍ ബിസിനസുകാരും സൗദിയിലേയും മറ്റ് രാജ്യങ്ങളിലെയും പ്രമുഖ നിക്ഷേപകരും വ്യവസായികളുമെല്ലാം യുഎസ് പ്രസിഡന്‍റിനൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കും. സൗദി–യുഎസ് നിക്ഷേപകസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 

Also Read: അമേരിക്ക ഇസ്രയേലിനെ കൈവിടുന്നോ? ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ ഇസ്രയേല്‍ ഇല്ല

trump

എണ്ണവില കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളാണ് മറ്റൊരുസുപ്രധാന ഘടകം. എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചുകൊണ്ട് ഒപെക് രാജ്യങ്ങള്‍ ഇതിന് തുടക്കം കുറച്ചിരുന്നു. റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ എണ്ണവില കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നാണ് ട്രംപിന്‍റെ നിലപാട്. എന്നാല്‍ അമേരിക്കയിലെ വര്‍ധിച്ച വിലക്കയറ്റം നിയന്ത്രിക്കാനും ട്രംപിന് ഒപെകിന്‍റെ സഹായം കൂടിയേ തീരൂ. ഒപെകിലെ ഏറ്റവും സ്വാധീനമുള്ള രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയുടെ നിലപാട് നിര്‍ണായകമാകും. 

സൗദി ഉള്‍പ്പെടെ സന്ദര്‍ശിക്കുന്ന മൂന്ന് രാജ്യങ്ങളിലും ട്രംപിന് വ്യക്തിപരമായ ബിസിനസ് താല്‍പര്യങ്ങളുമുണ്ട്. ട്രംപിന്റെ മൂത്ത രണ്ട് മക്കള്‍ നയിക്കുന്ന ട്രംപ് ഓര്‍ഗനൈസേഷന്‍ ജിദ്ദയിലും ദുബായിലും ഖത്തറിലും വന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ജിദ്ദയില്‍ പടുകൂറ്റന്‍ കൊമേഴ്സ്യല്‍ കോംപ്ലക്സും ദുബായില്‍ ആഡംബര ഹോട്ടലും ഖത്തറില്‍ വില്ല–ഗോള്‍ഫ് കോഴ്സ് കോംപ്ലക്സുമാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ നിര്‍മിക്കുന്നത്.

ENGLISH SUMMARY:

US President Donald Trump begins a four-day Gulf tour covering Saudi Arabia, Qatar, and the UAE. Crown Prince Mohammed bin Salman personally received Trump at Riyadh airport with a traditional Arab welcome ceremony.