നിനച്ചിരിക്കാതെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍റെ ആക്രമണമുണ്ടായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടത്തിയ സുദീര്‍ഘമായ ഫോണ്‍ സംഭാഷണമാണ് ആശങ്കയേറ്റുന്നത്. മധ്യപൂര്‍വേഷ്യയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയകേന്ദ്രീകൃതമായ സംസാരമാണുണ്ടായതെന്ന് വാര്‍ത്ത സ്ഥിരീകരിച്ച് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇസ്രയേലിന്‍റെ അടുത്ത നീക്കം എന്തായിരിക്കും എന്നത് സംബന്ധിച്ച് യുഎസ് അന്വേഷിച്ചുവെന്നും ആ ചര്‍ച്ചകള്‍ തുടരുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് ഏഴാഴ്ചകള്‍ക്ക് ശേഷമാണ് യുഎസ്– ഇസ്രയേല്‍ സംഭാഷണങ്ങള്‍ നടക്കുന്നത്. ഇറാന്‍റെ ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ യുഎസ് പിന്തുണയ്ക്കില്ലെന്ന ബൈഡന്‍റെ പ്രസ്താവന ഇസ്രയേലിന് ആശങ്കയുളവാക്കുന്നതായിരുന്നു. യുഎസ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ഇറാന് മേല്‍ അത്തരമൊരു ആക്രമണം ഉണ്ടായാല്‍ അത് യുഎസിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ തുടര്‍ന്നായിരുന്നു ഈ മുന്നറിയിപ്പ്.
ഇസ്രയേലിന്‍റെ നടപടികളോട് ബൈഡന്‍ കടുത്ത വിയോജിപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലബനനില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങളില്‍ വൈറ്റ് ഹൗസിനുള്ള ആശങ്കയും വിയോജിപ്പും നെതന്യാഹുവിനെ അറിയിച്ചുവെന്നും ഇസ്രയേല്‍ തിരിച്ചടിക്കൊരുങ്ങുകയാണെങ്കില്‍ അതേക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നുവെന്നും അതനുസരിച്ചാണ് ഫോണ്‍ സംഭാഷണം ഉണ്ടായതെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. മധ്യപൂര്‍വ പ്രദേശത്തുള്ള അമേരിക്കന്‍ പൗരന്‍മാരുടെ ജീവന്‍ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഇസ്രയേലിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും എന്തെങ്കിലും സൂചനകള്‍ നല്‍കേണ്ടിയിരുന്നുവെന്ന അഭിപ്രായവും വൈറ്റ്ഹൗസിനുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ അഞ്ചിന് ഇറാനുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം ഇസ്രയേലോളം എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ഭൂചലനം ഇറാന്‍ ആണവ ബോംബ് പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ഉണ്ടായതാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇറാനോ ഇസ്രയേലോ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.