ഇസ്രയേല്‍ ആക്രമണത്തിന് ഇറാന്‍ കൗണ്ടര്‍ അറ്റാക്ക് നടത്തിയതോടെ പശ്ചിമേഷ്യ കലങ്ങി ഇരുളുകയാണ്. ലോകം കണ്ട മറ്റൊരു യുദ്ധമായി ഇസ്രയേല്‍–ഇറാന്‍ പോരാട്ടം മാറുമോയെന്ന ആശങ്കയിലാണ് ലോകം. എന്നാല്‍ ഈ ബദ്ധശത്രുക്കള്‍ പരസ്പരം കൈകോര്‍ത്ത ഒരു കാലമുണ്ടായിരുന്നു ചരിത്രത്തില്‍. ഈ അവസരത്തില്‍ അതും പറയാതെ പോകരുത്.
1960 കാലത്തായിരുന്നു ആ സലാംപറച്ചില്‍. അന്നും ഇരുവര്‍ക്കുമിടെയില്‍ നിന്നത് അമേരിക്ക തന്നെ, ഇന്ന് ഇസ്രയേലിനൊപ്പമെങ്കില്‍ അന്ന് ഇരുവര്‍ക്കുമൊപ്പം സഹായിയായി ഉറച്ചു നിന്നു. അന്ന് ഇറാനും ഇസ്രയേലും കൈ കൊടുത്തത് ഇരുവരുടെയും പൊതുശത്രുവിനെ ഒരുപോലെ നേരിടാനായിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവം നടക്കുന്നതുവരെ ഇറാനും ഇസ്രയേലും വളരെ അടുത്ത സൗഹൃദത്തിലായിരുന്നു. 1948 ഇസ്രയേൽ രാജ്യം രൂപീകരിക്കപ്പെട്ടതിനു ശേഷം ഇസ്രയേലിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നു കൂടിയായിരുന്നു ഇറാന്‍. എന്നുമാത്രമല്ല ഇസ്രയേലിന് അമേരിക്ക നൽകുന്ന പിന്തുണ അറബ് രാജ്യങ്ങൾക്കിടയിൽ നിലനിൽക്കാൻ തങ്ങള്‍ക്ക് കരുത്ത് നൽകുന്നതാണെന്നും ഇറാൻ കരുതിയിരുന്നു.
അന്ന് കർഷകരായ ഇറാനിയൻ പൗരന്മാർക്ക് സൈനിക പരിശീലനം നൽകുന്നതിനും ഇറാനിയൻ സായുധ സേന രൂപീകരിക്കുന്നതിനും ഇസ്രയേല്‍ ഇറാനെ കൈമെയ് മറന്ന് സഹായിച്ചു. ഇറാനിൽ ട്രെയിൻ ഗതാഗതം സാധ്യമാക്കുന്നതിലും ഇസ്രയേലിന്റെ കൈകള്‍ തന്നെയെത്തി. എല്ലാത്തിനും പകരമായി ഇറാന്‍ ഇസ്രയേലിനു വലിയതോതില്‍ എണ്ണസമ്പത്ത് പകര്‍ന്നു നല്‍കി. അത് മാത്രവുമല്ല ഇസ്രയേലിന് പുറത്ത് ഏറ്റവും വലിയ രണ്ടാമത്തെ ജൂത സമൂഹം ജീവിക്കുന്നതും ഇറാനിലാണ്. 79ലെ ഇസ്ലാമിക വിപ്ലവം വരെ കാര്യങ്ങൾ ഇങ്ങനെ തന്നെ തുടരുകയായിരുന്നു. ഇപ്പോഴും ഇരുപതിനായിരത്തിലധികം ജൂതർ ഇറാനിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
1960-കളിൽ ഇസ്രായേലിനും ഇറാനും വലിയ ഭീഷണി ആയത് ഇറാഖ് എന്ന പൊതുശത്രുവായിരുന്നു. അറബ് ഭരണകൂടങ്ങൾക്കെതിരായ വിശാലമായ പോരാട്ടത്തിൽ പ്രതിസന്ധിയിലായ ഇസ്രയേലിനെ ഷായുടെ കീഴിലുളള ഇറാന്‍ സഹായിച്ചു. ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പ്രാദേശിക അഭിലാഷങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയായി ഇറാഖ് മാറി. ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും ഇറാന്റെ രഹസ്യ പോലീസായ SAVAK-ഉം അങ്ങനെ രഹസ്യമായി കൈകോര്‍ത്തു. ഇറാഖിലെ കുതികാല്‍വെട്ടുകാരായി കണക്കാക്കിയ കുര്‍ദിഷ് ഗ്രൂപ്പുകള്‍ സര്‍ക്കാറിനെ തുരങ്കം വച്ച് ഇസ്രയേലിനും ഇറാനുമൊപ്പം നിന്നു. ഇസ്രയേലിനും ഇറാനുമൊപ്പം തുര്‍ക്കി കൂടി ചേര്‍ന്ന ട്രൈഡന്റ് ഗ്രൂപ്പ് അക്കാലത്തെ ഏറ്റവും ശക്തിയേറിയ അറബ് ഇതര സഖ്യമായി മാറി. നിര്‍ണായകമായ ഇന്റലിജന്‍സ് വിവരങ്ങളും നയതന്ത്ര ഓപ്പറേഷന്‍സ് തന്ത്രങ്ങളും ഇവര്‍ പങ്കിട്ടു.
ഇറാന്‍ ഭരണാധികാരി മൊഹമ്മദ് റാസ പഹ്‌ലവി സൈനിക നയതന്ത്ര ബന്ധങ്ങളില്‍ മാത്രമല്ല മറിച്ച് ഇസ്രയേലിന് വാഷിങ്ടണിനു മേലുള്ള സ്വാധീനത്തിലും ഭാവി കണ്ടിരുന്നു. തന്റെ ഭരണത്തെക്കുറിച്ച് അക്കാലത്ത് സംശയം പ്രകടിപ്പിച്ച കെന്നഡി ഭരണകൂടത്തിന്റെയും വൈറ്റ്ഹൗസിന്റെയും മനസ് മാറ്റാന്‍ പോന്നവനാണ് മിത്രമെന്ന് ഷാ ഉറപ്പിച്ചു. വളർന്നുവരുന്ന ഇസ്രായേൽ-ഇറാൻ ബന്ധം, പാശ്ചാത്യ രാജ്യങ്ങളുമായി ഒത്തുചേരാനുള്ള ഇറാന്റെ തന്ത്രത്തിന്റെ കുന്തമുനയായും മാറി.
അതിന്റെ ഫലമായി 1960-കളുടെ മധ്യത്തോടെ ടെഹ്‌റാനിൽ സ്ഥിരമായ ഒരു ഇസ്രയേലി പ്രതിനിധി സംഘം ഒരു യഥാർഥ എംബസിയായി പ്രവർത്തിച്ചു.
അതേസമയം തന്നെ അക്കാലത്ത് അറബ് മേഖലയില്‍ വ്യാപിക്കുന്ന ഇസ്രയേല്‍ വിരുദ്ധതയെക്കുറിച്ചും ഷാ ബോധവാനായിരുന്നു. സങ്കീര്‍ണതകള്‍ ഇല്ലാതെ ബന്ധം മുന്‍പോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും പലപ്പോഴും കൈവിട്ടു പോയി. 1979-ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവം രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ അടിമുടി മാറ്റി, ചുരുക്കത്തില്‍ ഇസ്രയേല്‍ വിരുദ്ധ ഇസ്ലാമിക റിപ്പബ്ലിക്കാക്കി ഇറാനെ മാറ്റി.
1990-കളോടെ, ഇസ്രയേലും ഇറാനും തമ്മിലുള്ള സഹകരണത്തിന്റെ കാലഘട്ടം എല്ലാം ആവിയായിക്കഴിഞ്ഞിരുന്നു. ഒരുകാലത്ത് അവരെ ഒന്നിപ്പിച്ച ഭൗമരാഷ്ട്രീയ ഘടകങ്ങളായ അറബ് സോഷ്യലിസവും സോവിയറ്റ് സ്വാധീനവും ഇറാഖിന്റെ ഭീഷണിയുംഉള്‍പ്പെടെ അപ്രത്യക്ഷമായി. കാര്യങ്ങള്‍ മാറിമറിഞ്ഞു. യഹൂദ രാഷ്ട്രവുമായുള്ള പോരാട്ടത്തിൽ ഹിസ്ബുള്ളയെയും ഹമാസിനെയും കൂട്ടുപിടിച്ച് എതിര്‍ചേരിയായി ഇസ്രയേൽ വിരുദ്ധ പ്രത്യയശാസ്ത്രം സ്വീകരിച്ച് ഇറാന്‍ ഇന്ന് ശത്രുപക്ഷത്തായി മാറി.