TOPICS COVERED

യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് പിഴ കൂടാതെ താമസം നിയമാനുസൃതമാക്കാൻ പ്രഖ്യാപിച്ച ഇളവ് സെപ്റ്റംബർ ഒന്നിന് തുടങ്ങും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. സന്ദർശക വീസയിലെത്തുന്നവർക്ക് ഉൾപ്പെടെ ഇളവ് ലഭിക്കും.

സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് അത് നിയമാനുസൃതമാക്കാനും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുമുള്ള ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവ് പ്രയോജനപ്പെടുത്തുന്നവർക്ക് പിന്നീട് യാത്രാ നിരോധനം ഏർപ്പെടുത്തുകയില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻന്റിറ്റി  , സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കി. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തം രാജ്യത്തെത്തി എപ്പോൾ വേണമെങ്കിലും വീസയിൽ മടങ്ങിവരാം. കാലാവധി കഴിഞ്ഞ സന്ദർശക , റസിഡൻസി ഉൾപ്പെടെയുള്ള എല്ലാത്തരം വീസകൾക്കും ഇളവ് ലഭിക്കും.  

നാട്ടിലേക്ക് മടങ്ങുമ്പോൾ വീസാ കാലാവധി കഴിഞ്ഞതിനുള്ള പിഴയോ എക്‌സിറ്റ് ഫീസോ ഈടാക്കില്ല. സ്പോൺസർമാരിൽ നിന്ന് ഓടി രക്ഷപ്പെട്ടവർക്കും ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താം. അബുദാബിയിൽ ഐസിപിയുടെ അൽ ദഫ്ര, സുവൈഹാൻ, അൽ മഖാ, അൽ ഹഷാമ എന്നിവിടങ്ങളിലെ സെന്ററുകളിലും ദുബായിലെ അമേർ സേവന കേന്ദ്രങ്ങൾ വഴിയും അൽ അവീറിലെ സേവന കേന്ദ്രത്തിലും പൊതുമാപ്പിനായി അപേക്ഷിക്കാം. മറ്റ് എമിറേറ്റുകളിൽ ഐസിപി സേവനകേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ നൽകേണ്ടത്. രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 2007ന് ശേഷം യുഎഇ സർക്കാർ നടപ്പാക്കുന്ന നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്.

ENGLISH SUMMARY:

UAE visa amnesty: No ban or fine will be implemented