തൊഴിൽ നിയമത്തിലെ ഭേദഗതിക്ക് അംഗീകാരം നൽകി സൗദി മന്ത്രി സഭ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥര വികസനം കൈവരിക്കാനും ലക്ഷ്യമിടുന്നതാണ് ഭേദഗതി. നടപടി രാജ്യത്ത് കൂടുതൽ തൊഴിൽ സാധ്യതകൾക്ക് വഴിവയ്ക്കുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഭേദഗതികള്‍. കരാര്‍ജോലികള്‍ക്കും അവധികള്‍ക്കുമുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ഇതനുസരിച്ച് ഉറ്റബന്ധുക്കള്‍ മരിച്ചാലും ശമ്പളത്തോട് കൂടിയ അവധി അനുവദിക്കും. മൂന്നുദിവസംവരെ ഇത്തരത്തിൽ ശമ്പളത്തോട് കൂടി അവധി ലഭിക്കും.
ഓവർടൈം ജോലി ചെയ്താൽ തൊഴിലാളിക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കാനും തീരുമാനിച്ചു. പ്രസവാവധി 12 ആഴ്ചകളാക്കി വർധിപ്പിച്ചു. തൊഴിൽ കരാർ അവസാനിപ്പക്കണമെങ്കിൽ തൊഴിലാളി 30 ദിവസം മുൻപും തൊഴിലുടമ 60 ദിവസം മുൻപും നോട്ടിസ് നൽകണം. അതേസമയം പ്രൊബേഷൻ കാലാവധി 180 ദിവസത്തിൽ അധികം ആകാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്തു.
രാജ്യത്തെ തൊഴിൽ വിപണി മെച്ചപ്പെടുത്തുക, തൊഴിൽ സ്ഥിരത വർധിപ്പിക്കുക, കരാർ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലാളികൾക്ക് പരിശീലന അവസരങ്ങൾ വർധിപ്പിക്കുക, സൗദി പൗരന്മാർക്കും തൊഴിലവസരങ്ങൾ കൂട്ടുക എന്നിവയാണ് നിയമഭേദഗതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.