പരിസ്ഥിതി സൗഹൃദ നഗരമാകുന്നതിന്‍റെ ഭാഗമായി സാധാരണ ബസുകൾ ഘട്ടം ഘട്ടം ഒഴിവാക്കാനൊരുങ്ങി ദുബായ്. ഇതിന്‍റെ ഭാഗമായി എമിറേറ്റിലെ ബിസിനസ് ബേ, അൽ ഗുബൈബ, സത്വ, ജാഫിലിയ റൂട്ടുകളിൽ സാധാരണ ബസുകൾക്ക് പകരം ഇലക്ട്രിക്ക് ബസുകളിറക്കുമെന്ന് ആർടിഎ അറിയിച്ചു. പുതുതായി 40 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങും. സിംഗിൾ ഡെക്ക് ഇലക്ട്രിക് ബസുകളിൽ 35 പേർക്ക് ഇരുന്നും 70 പേർക്ക് നിന്നും യാത്രചെയ്യാം. യാത്രാനിരക്കിൽ മാറ്റമുണ്ടാകില്ല. പ്രതിവർഷം 3900 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനാവുമെന്നും ആർടിഎ അറിയിച്ചു. ദുബായ് ക്ലീൻ എനർജി പദ്ധതിയോടനുബന്ധിച്ച് 2050 -നകം കൂടുതൽ വൈദ്യുത ബസുകൾ നിരത്തിലിറക്കും.