kuwait-fire

കുവൈത്തിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ആഭ്യന്തര മന്ത്രാലയം. കെട്ടിട ഉടമയുടെ മകനെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു.  കെട്ടിടം നിലനിൽക്കുന്ന അൽ അഹ്മദി ഗവർണറേറ്റിന്‍റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അപകടത്തിന്‍റെ കാരണം ഉടൻ കണ്ടെത്തി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ കുവൈത്ത് അമീർ നിർദേശിച്ചു.

കുവൈത്ത് മംഗെഫിലുണ്ടായ തീപിടിത്തതിൽ കാരണക്കാരായ കെട്ടിട ഉടമ, കെട്ടിടത്തിലെ സുരക്ഷാജീവനക്കാരൻ, കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാൻ സ്ഥലം സന്ദർശിച്ച ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ആണ് നിർദേശം നൽകിയത്. ഇതിനുപിന്നാലെ കെട്ടിട ഉടമയുടെ മകനെയും സുരക്ഷാ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. പ്രവാസി മലയാളിയുടെ കൂടി ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.  സംഭവത്തെക്കുറിച്ച് അന്വേഷണം പൂർത്തിയാകുന്നതുവരെ കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിടരുതെന്നും ആഭ്യന്തരമന്ത്രി പൊലീസിനോട്  നിർദേശിച്ചു. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 190ലേറെ പേർ താമസിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.  കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്‍റെ ഫലമാണെന്ന് തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

 

റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികൾ തിങ്ങിനിറയുന്ന ഇത്തരം നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും മന്ത്രി നിർദേശം നൽകി. ഇതിന്‍റെ ഭാഗമായി അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സൗദ് അല്‍ ദബ്ബൂസ് ഉത്തരവിട്ടു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട്  പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളില്‍ നിന്നും 24 മണിക്കൂറിനകം  താമസക്കാരെ  ഒഴിപ്പിക്കുവാനും നിർദേശമുണ്ട്.  സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ കെട്ടിടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ട്വിറ്ററിൽ അനുശോചനം അറിയിച്ച കുവൈത്ത് അമീർ പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അപകടത്തിന്റെ കാരണം ഉടൻ കണ്ടെത്തി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കാനും അദ്ദേഹം നിർദേശം നൽകി. ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ ഇടയാക്കരുതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ENGLISH SUMMARY:

Ministry of Interior says there were serious violations in the building that caught fire in Kuwait