കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ മരണവാര്‍ത്ത കേട്ട നടുക്കത്തിലാണ് നാട്. അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു ദുരന്തം സംഭവിച്ചത്. ഇരുമാരിയേൽ സാബു ഫിലിപ്പ്, ഷേർളി സാബു ദമ്പതികളുടെ മകനാണ്.
കുവൈത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫിൻ. സഹോദരൻ ഫെബിനും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസം. പാമ്പാടി വിശ്വഭാരതി കോളജിനു സമീപത്താണ് സ്റ്റെഫിന്റെ കുടുംബം താമസിക്കുന്നത്. കെവിൻ മറ്റൊരു സഹോദരനാണ്.
മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേർ മരിച്ചതായാണു വിവരം. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. 8 മലയാളികളെ തിരിച്ചറിഞ്ഞു.
പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് (34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ (68), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം വെളിച്ചിക്കാല ലൂക്കോസ് (48), പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.