കുവൈത്ത് തീപിടിത്തത്തില്‍ മരണസംഖ്യ ഉയര്‍ന്നതില്‍ കെട്ടിടമുടമകളുടെ അനാസ്ഥയ്ക്ക് വലിയ പങ്കുണ്ടെന്ന് വിലയിരുത്തല്‍. അപ്പാര്‍ട്ട്മെന്റുകളെയും മുറികളെയും വേര്‍തിരിക്കുന്ന പാര്‍ട്ടീഷനുകള്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിച്ചതെന്ന് കുവൈറ്റ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണസംഘം കണ്ടെത്തി. ഇവയ്ക്ക് തീപിടിച്ചപ്പോഴാണ് കെട്ടിടത്തിനുള്ളില്‍ കനത്ത പുക പടര്‍ന്നതെന്ന് അന്വേഷണ സംഘത്തലവന്‍ കേണല്‍ സയ്യദ് അല്‍–മൗസാവി പറഞ്ഞു. തീപിടിച്ചപ്പോള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചവര്‍ സ്റ്റെയര്‍കേസുകളില്‍ നിറഞ്ഞ പുകയില്‍ ശ്വാസംമുട്ടിയാണ് മരിച്ചത്. ടെറസിലേക്ക് ഓടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്കുള്ള വാതില്‍ പൂട്ടിയിരുന്നതിനാല്‍ രക്ഷപെടാനായില്ലെന്നും കേണല്‍ അല്‍–മൗസാവി പറഞ്ഞു.
തീപിടിത്തത്തിന്റെ ഉറവിടം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് തെക്കന്‍ കുവൈത്തിലെ അഹ്മദി ഗവര്‍ണറേറ്റിലുള്ള മംഗഫില്‍ 196 കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ തീപിടിത്തമുണ്ടായത്. 43 ഇന്ത്യക്കാരടക്കം 49 പേര്‍ മരിച്ചു. ഇതില്‍ 24 പേരും മലയാളികളാണ്. 22 പേരെ തിരിച്ചറിഞ്ഞു. 12 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവര്‍ അദാന്‍, ജാബര്‍, ഫര്‍വാനിയ, മുബാറക് അല്‍ കബീര്‍, ജഹ്റ എന്നീ ആശുപത്രികളില്‍ ചികില്‍സയിലാണ്.
പരുക്കേറ്റവര്‍ക്കുള്ള സഹായവും മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികളും ഏകോപിപ്പിക്കുന്നതിന് വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈത്ത് സിറ്റിയിലെത്തി. മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെത്തി അദ്ദേഹം പരുക്കേറ്റവരുമായും ആരോഗ്യപ്രവര്‍ത്തകരുമായും സംസാരിച്ചു. തുടര്‍ന്ന് കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍–യഹ്യയുമായി വിദേശകാര്യസഹമന്ത്രി കൂടിക്കാഴ്ച നടത്തി. തീപിടിത്തത്തിനിരയായവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം സജ്ജമാക്കി. അറിയിപ്പുലഭിച്ചാലുടന്‍ വിമാനം കുവൈത്തിലേക്ക് പുറപ്പെടും.
കേരളത്തെയും ഇന്ത്യയെയും കുവൈത്തിനെയും ഗള്‍ഫിനെയാകെയും നടുക്കിയ ദുരന്തത്തിന്റെ പിറ്റേന്ന് പകല്‍ ദുരന്തസ്ഥലത്തുകണ്ട കാഴ്ചകള്‍...
തെക്കന്‍ കുവൈത്തിലെ മംഗഫില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തിലേക്കെത്തുന്ന രക്ഷാപ്രവര്‍ത്തകര്‍
മംഗഫില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ പുറംകാഴ്ച
തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തുന്ന കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍
മംഗഫില്‍ 49 പേര്‍ കൊല്ലപ്പെട്ട തീപിടിത്തമുണ്ടായ കെട്ടിടത്തിന് പുറത്ത് നില്‍ക്കുന്ന സുരക്ഷാഭടന്മാര്‍
കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സ്വൈക മംഗഫില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍
കുവൈത്തിലെ മംഗഫില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം; കെട്ടിടത്തില്‍ നിന്ന് പുകയുയരുന്നു
കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഫഹദ് യൂസുഫ് അല്‍–സബാ പൊലീസുദ്യോഗസ്ഥരോട് സംസാരിക്കുന്നു
കുവൈത്തിലെ മംഗഫില്‍ തീപിടിത്തത്തില്‍ ഗുരുതരപരുക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സ്വൈക
കുവൈത്തിലെ മംഗഫില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ വാതിലിനുമുന്നില്‍ പൊലീസ് റിബണ്‍ സ്ഥാപിച്ചിരിക്കുന്നു