അഗ്നിദുരന്തത്തില്‍ ഉള്‍പ്പെട്ട മലയാളികളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കുവൈത്തിലേക്ക് തിരിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യാത്ര മുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ യാത്രയ്ക്കു അനുമതി നല്‍കിയില്ല.
വിദേശകാര്യ മന്ത്രാലയം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കിയില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര നിലപാട് തെറ്റെന്നും അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്നും ഒരു ദുരന്തസമയത്ത് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കരുതായിരുന്നെന്നും മന്ത്രി പ്രതികരിച്ചു.
23 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം
കുവൈത്ത് തീപിടിത്തത്തില്‍ 23 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം. മരിച്ചവരില്‍ ആറു പേര്‍ പത്തനംതിട്ട സ്വദേശികളും നാലുപേര്‍ കൊല്ലം സ്വദേശികളുമാണ്. ഒന്‍പതുപേര്‍ ഗുരുതരാവസ്ഥയില്‍. കൂടുതലും മലയാളികളെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു. മൃതദേഹങ്ങള്‍ നാളെ രാവിലെ എട്ടരയോടെ കൊച്ചിയില്‍ എത്തിക്കും. മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരാണ്. മരിച്ച മൂന്നു മലയാളികളെക്കൂടി തിരിച്ചറിഞ്ഞു .
കണ്ണൂര്‍ കടലായി അനീഷ് കുമാര്‍, തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പന്‍ നായര്‍, കൊല്ലം പെരിനാട് സ്വദേശി സുമേഷ് എസ്.പിള്ള എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കാനും തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കുവൈത്ത് ദുരന്തത്തിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയത്. മരിച്ചവരുടെയും കാണാതായവരുടെയും വിവരങ്ങള്‍ നിരന്തരം മാറിവരുന്ന സാഹചര്യത്തില്‍ ഇതില്‍വ്യക്തവരുത്തുക, തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്നിവയാണ് പ്രധാനം. കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇന്ത്യന്‍ എംബസി, കുവൈത്ത് സര്‍ക്കാര്‍ , പ്രവാസിസംഘടനകള്‍ എന്നിവരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മന്ത്രിസഭ നിര്‍ദേശിച്ചിരിക്കുന്നത്. പരുക്കേറ്റ് ആശുപത്രികളിലുള്ളവരുടെ ചികിത്സ ഉറപ്പുവരുത്തുകയും േവണം. ഇതോടൊപ്പം നാട്ടിലുള്ള കുടുംബങ്ങളെ കൃത്യമായ വിവരം ധരിപ്പിക്കുകയും വേണം.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രവാസിവ്യവസായികളായ എം.എ .യൂസഫലി അഞ്ചുലക്ഷം രൂപവീതവും രവി പിള്ള രണ്ടുലക്ഷം രൂപവീതവും സഹായം നോര്‍ക്ക വഴി നല്‍കും.