ഒമാനിലെ പുതിയ മുസന്ദം വിമാനത്താവളത്തിന്റെ പണി 2028 രണ്ടാം പാദത്തോടെ നിർമാണം പൂർത്തിയാക്കും. റൺവേ, ടാക്‌സിവേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളോടെയാണ് മുസന്ദം വിമാനത്താവളത്തിൽ ഒരുക്കുന്നതെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ബോയിംങ് 737, എയർബസ് 320 വലിപ്പമുള്ള വിമാനങ്ങൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന സർവീസ്, ഹാങ്കർ ഏരിയ ഉണ്ടായിരിക്കും.
മുസന്ദമിലെ വികസനങ്ങൾ നേരിട്ടറിയുന്നതിനായി കഴിഞ്ഞദിവസം സുൽത്താൻ ഹൈതം ബിൻ താരിഖ് ഗവർണറേറ്റ് സന്ദർശിച്ചിരുന്നു. മുസന്ദമിലെ ഷൈഖുമാരുമായും പൗരപ്രമുഖരുമായും ടിക്കാഴ്ച നടത്തുകയും ആവശ്യങ്ങളും നിർദേശങ്ങളും ചോദിച്ചറികയും ചെയ്തിരുന്നു. ഒമാൻ കൗൺസിലിലേയും മുനിസിപ്പാലിറ്റി കൗൺസിലിലേയും അംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഗവർണറേറ്റിനെ പ്രാദേശിക, രാജ്യാന്തര വിമാനങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്യവും ചർച്ചയായി.
സുൽത്താന്റെ പിന്തുണയിൽ സന്തുഷ്ടി രേഖപ്പെടുത്തിയ സിവിൽ ഏവിയേഷൻ അതോറിറ്റി,, ടൂറിസ്റ്റ്, സാമ്പത്തിക, ലോജിസ്റ്റിക്സ് മേഖലകളെ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നടപ്പാക്കാൻ പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. വർഷത്തിൽ 2,50,000 യാത്രക്കാരെ വരെ ഉൾക്കൊള്ളാവുന്ന സൗകര്യത്തോടെയാണ് വിമാനത്താവളം ഒരുക്കുന്നത്.