വരും തലമുറയ്ക്കും ഭൂമിയിൽ എങ്ങനെ സുരക്ഷിതമായി ജീവിക്കാമെന്നതിന്റെ പരീക്ഷണ ഗവേഷണങ്ങളാണ് മൂന്ന് ദിവസത്തെ മേളയിൽ അരങ്ങേറിയത്. കാറ്റാടി, സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ച് നിർമാണമേഖലയിൽ പ്രയോജനപ്പെടുത്തുകയെന്ന ആശയം അവതരിപ്പിച്ച് മലയാളി ശ്രദ്ധേയനായി.
വെള്ളം, വൈദ്യുതി, സാങ്കേതികവിദ്യ , പരിസ്ഥിതി എന്നിവയെ സംബന്ധിച്ചുള്ള ചർച്ചകളും പ്രദർശനങ്ങളുമാണ് വെറ്റക്സ് മേളയിൽ നടന്നത്. 62 രാജ്യങ്ങളിൽ നിന്നായി 2600 കമ്പനികൾ പങ്കെടുത്തു. പ്രകൃതിക്ക് ദോഷം വരുത്താതെ എങ്ങനെ സുസ്ഥിരവികസനം സാധ്യമാക്കാമെന്നാണ് മേള കാട്ടിത്തന്നത്. പുനരുൽപ്പാദിപ്പിക്കാവുന്നതും ശുദ്ധവുമായ ഊർജ സംവിധാനങ്ങളിൽ ശ്രദ്ധകേന്ദ്രകരിക്കുന്നതായിരുന്നു കമ്പനികൾ അവതരിപ്പിച്ച കണ്ടുപിടിത്തങ്ങൾ. കാറ്റാടി , സൂര്യപ്രകാശം എന്നിവയിൽ നിന്ന് ഊർജം സ്വീകരിച്ചു നിർമാണമേഖലയിൽ പ്രയോജനപ്പെടുത്താമെന്ന ആശയമാണ് മലയാളിയായ സി പി സാലിഹിന്റെ ആസ ഗ്രൂപ്പ് മുന്നോട്ടുവച്ചത്. വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറച്ച് കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും. നൂതന ആശയത്തിന് വൻ സ്വീകാര്യതയാണ് മേളയിൽ ലഭിച്ചത്.
വെറ്റക്സിന്റെ ചരിത്രത്തിൽ ആദ്യമായി മിന മേഖലയിലെ കമ്പനികളെ പങ്കെടുപ്പിച്ച് ഇത്തവണ സോളർ കോൺഫ്രൻസ് നടന്നു. സൗരോർജപദ്ധതികളുടെ പ്രധാന്യം മനസിലാക്കിയായിരുന്നു ഇത്. 2050 ഓടെ കാർബൺ പുറന്തള്ളൽ ഇല്ലാത്ത നഗരമാക്കി ദുബായിയെ മാറ്റാണ് ശ്രമം. സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് ദുബായുടെയും യുഎഇയുടെയും പിന്തുണ വർധിപ്പിക്കുന്നതിനൊപ്പം ഹരിത സമ്പദ്‌വ്യവസ്ഥയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം.
Wetex exhibition in Dubai