gulf

കുവൈത്തിൽ 19 മലയാളികൾ ഉൾപ്പെടെ മുപ്പത് ഇന്ത്യൻ നഴ്സുമാർ അറസ്റ്റിൽ. കഴിഞ്ഞ ആഴ്ച മാലിയായിലെ സ്വകാര്യ ആശുപത്രിയിൽ മാനവശേഷി സമിതി നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരുൾപ്പെടെ അറുപത് നഴ്സുമാരെ അറസ്റ്റ് ചെയ്തത്. മലയാളികളിൽ അഞ്ചുപേർ നവജാത ശിശുക്കളുടെ അമ്മമാരാണ്. പിടിയിലായ എല്ലാവരെയും ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.  ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യതയില്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെെ വിശദീകരണം.

 

എന്നാൽ പിടിയിലായ മലയാളികളെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്ത് വരുന്നവരാണെന്നാണ് ബന്ധുക്കൾ പറയുന്നത്. അടൂർ സ്വദേശിനിയായ 33 കാരിയായ യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഇതെ ക്ലിനിക്കിലാണ്  ജോലി ചെയ്യുന്നത്. പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച തൊട്ടടുത്ത ദിവസമാണ് പരിശോധനയിൽപിടിക്കപ്പെടുന്നത്. ജിലീബിലെ ഫ്ലാറ്റിൽ ഭർത്താവിനും എട്ടു വയസ്സായ മകൾക്കും ഒപ്പമാണ് ഇവരുടെ ഒരു മാസം പ്രായമായ കുഞ്ഞു ഇപ്പോൾ  കഴിയുന്നത്. കുഞ്ഞിനെ ജയിലിലെത്തിച്ച് മുലപ്പാൽ നൽകി കൊണ്ടുവരാൻ നിലവിൽ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ഇതിന് സമാനമാണ് മറ്റ് നാല് മലയാളി നഴ്സുമാരുടെയും സ്ഥിതി.

 

ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് പിടിയിലായ മറ്റുള്ളവർ. ഇവരിൽ പലരും 3 വർഷം മുതൽ 10 വർഷം വരെയായി ഇതെ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു . ഇറാൻ പൗരന്റെ ഉടമസ്ഥതയുള്ളതാണ് ആശുപത്രി. വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും, കുവൈത്തിലെ ഇന്ത്യൻ എംബസിയും, നോർക്ക റൂട്സും ഇടപെടൽ നടത്തി വരികയാണ്.