ഭാഗ്യം ആദ്യം കനിഞ്ഞില്ല നിരാശനാകാതെ പിന്നെയും ശ്രമിച്ചു. രണ്ടാംതവണ ഞെട്ടിച്ച ഫലം. അങ്ങനെ മലയാളിയായ അരുൺകുമാർ വടക്കേകോറോത്ത് ഒരു കോടീശ്വരനായി. വമ്പൻ സമ്മാനമായ 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) സ്വന്തം പേരിൽ. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 250–ാം സീരീസിലാണ് (ടിക്കറ്റ് നമ്പർ–261031) ഭാഗ്യദേവത അറിഞ്ഞുകനിഞ്ഞത്.
സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ അരുൺ കുമാർ ഒാൺലൈൻ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. ആദ്യ തവണയെടുത്ത ടിക്കറ്റ് നിരാശ സമ്മാനിച്ചെങ്കിലും പിന്മാറിയില്ല. മാർച്ച് 22ന് എടുത്ത രണ്ടാമത്തെ ടിക്കറ്റ് പക്ഷേ, ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനമാണ് നൽകിയത്. ഇൗ സമ്മാനത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അരുൺകുമാർ പിന്നീട് പറഞ്ഞു.അധികൃതർ വിളിച്ചപ്പോൾ പറഞ്ഞു: ഇല്ല, അത് എനിക്കായിരിക്കില്ലനറുക്കെടുപ്പിന് ശേഷം വിജയിയെ വിവരമറിയിക്കാൻ വിളിച്ച ബിഗ് ടിക്കറ്റ് അധികൃതരോട് അരുൺകുമാർ ആദ്യം പറഞ്ഞത് അത് ഒരിക്കലും താനായിരിക്കില്ലെന്നായിരുന്നു. എന്നാൽ, സംഭവം സത്യമാണെന്നറിഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. ഇത്രയും വലിയ തുക ഒറ്റയ്ക്ക് സ്വന്തമാക്കിയെന്നറിഞ്ഞപ്പോൾ സ്തംഭിച്ചുനിന്നുപോയെന്ന് അരുൺ പറയുന്നു. ഇന്ത്യയിൽ ഒരു ബിസിനസ് തുടങ്ങുക എന്ന ആഗ്രഹം യാഥാർഥ്യമാക്കാൻ ഇൗ തുക കൊണ്ട് സാധിക്കുമെന്നതാണ് ഇദ്ദേഹത്തെ ഏറ്റവുമധികം ആഹ്ലാദിപ്പിക്കുന്നത്.എന്നാൽ അരുണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിഗ് ടിക്കറ്റ് അധികൃതർ പുറത്തുവിട്ടിട്ടില്ല.
യുഎഇയിലെ ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, മെഹ്സൂസ്, എമിറേറ്റ്സ് നറുക്കെടുപ്പുകളിൽ ഏറ്റവും കൂടുതൽ ഭാഗ്യം സ്വന്തമാക്കാറ് ഇന്ത്യക്കാരാണ്. അവരിൽ തന്നെ ഏറ്റവുമധികം മലയാളികളും. എന്നാൽ, വർഷങ്ങളോളം ടിക്കറ്റെടുത്തിട്ടും ഇതുവരെ ഭാഗ്യദേവത കടാക്ഷിക്കാത്തവർ ഒട്ടേറെ. മിക്കപ്പോഴും പത്തോ ഇരുപതോ പേർ സംഘമായാണ് ടിക്കറ്റെടുക്കാറ്. ഇന്നലെ ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിലും എട്ട് ഇന്ത്യക്കാർ കൂടി 30,000 മുതൽ ഒരു ലക്ഷം ദിർഹം വരെയും ആഡംബര വാഹനവും സ്വന്തമാക്കി. സുരേഷ് മാത്തൻ (ഒരു ലക്ഷം ദിർഹം).മുഹമ്മദ് ഷഫീഖ് (90,000)റിയാസ് തിരുവട്ടുതൊടി (80,000)മുഹമ്മദ് അലി (60,000)തോമസ് പുന്നൂക്കളം ജോസഫ് (50,000)ദീപു ചീറ്റസ് (40,000)ജീന വർഗീസ് (30,000) എന്നിവരാണ് മറ്റ് ഇന്ത്യൻ വിജയികൾ. ഇതോടൊപ്പം അരുൺ മൂന്നുമൂലയിൽ ജോസഫിന് റേഞ്ച് റോവറും ലഭിച്ചു.