ഗള്‍ഫ് നാടുകളില്‍ ഇന്ന് ബലിപ്പെരുന്നാള്‍. ആറ് ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി. സൗദിയില്‍ അറഫ സംഗമം പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കുകയാണ്. മക്കയിലും മദീനയിലും വിശ്വാസികളുടെ തിരക്ക് തുടരുന്നു. ഇരുഹറമിലും രാത്രിയില്‍ പ്രത്യേക പ്രാര്‍ഥനകളുണ്ടായിരുന്നു. മക്ക ഹറമില്‍ ഇന്ത്യന്‍ സമയം 8.22 നാണ് ഈദ് നമസ്കാരം. യുഎഇ അടക്കം രാജ്യങ്ങളില്‍ പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക ആഘോഷപരിപാടികളും ഒരുക്കിയിട്ടുണ്ട്.
അതേ സമയം ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍.ബിന്ദു എന്നിവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.
ബലി പെരുന്നാൾ അവധി വിവാദത്തിന് പിന്നാലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ പൊതു അവധി ശനിയാഴ്ചയിലേക്ക് മാറ്റിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രണ്ട് ദിവസം അവധി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അവധി ഒറ്റദിവസമാക്കിയതിനെ വിമർശിച്ച് കോൺഗ്രസും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച പെരുന്നാള്‍ അവധി നിഷേധിച്ചത് തെറ്റെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാറും വെള്ളിയും കൂടി അവധിയായി പ്രഖ്യാപിക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും പറഞ്ഞു. എന്നാല്‍, സർക്കാർ ഓഫീസുകൾക്ക് ഇന്ന് പ്രവര്‍ത്തി ദിവസമായിരിക്കും.