ഒരുലക്ഷം കോടി ഡോളറിന്‍റെ നിക്ഷേപം അമേരിക്കയിലെത്താന്‍ തന്‍റെ സൗദി സന്ദര്‍ശനം വഴിതുറന്നെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സൗദി ഇസ്രയേലുമായി സമാധാനക്കരാറില്‍ എത്തണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഇതിന് വേണ്ട സാവകാശം എടുക്കാന്‍ സൗദിക്ക് അവകാശമുണ്ടെന്നും പറഞ്ഞു. സിറിയയ്ക്കുമേലുള്ള ഉപരോധം നീക്കി സമാധാനത്തിനായി പുതിയ ഭരണകൂടത്തിന് അവസരം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.
റിയാദില്‍ സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നടത്തി കൂടിക്കാഴ്ചയ്ക്കുശേഷം യുഎസ് സൗദി ഇന്‍വസ്റ്റ്മെന്‍റ് ഫോറത്തെ അഭിസംബോധന ചെയ്താണ് ട്രംപിന്‍റെ പ്രഖ്യാപനം. 60,000 കോടിയുടെ നിക്ഷേപത്തിന് സൗദിയുമായി ധാരണയായി. ഏതാനും നാളുകള്‍ക്കുള്ളില്‍ ഇത് ഒരു ലക്ഷം കോടിയാകുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. 14,200 കോടി ഡോളറിന്‍റെ പ്രതിരോധ കരാറും സൗദിയുമായി ഒപ്പുവച്ചു.
സൗദിക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ നല്‍കുന്നതും ചര്‍ച്ചയായി. ഇസ്രയേലിനെ അംഗീകരിക്കുന്നതിനും സമാധാനം ഉറപ്പാക്കാനും സൗദി വൈകാതെ ഏബ്രഹാം അക്കോർഡില്‍ പങ്കാളിയാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. സിറിയയിലെ പുതിയ ഭരണകൂടത്തിന് സമാധാനസ്ഥാപനത്തിന് എല്ലാപിന്തുണയും ട്രംപ് വാഗ്ദാനം ചെയ്തു. ഇതിന്‍റെ ഭാഗമായി ഉപരോധങ്ങള്‍ നീക്കുമെന്നും വ്യക്തമാക്കി.
ഇന്ന് സിറിയന്‍ ഇടക്കാല പ്രസിഡന്‍റ് അഹമ്മദ് അൽ ഷരാ, റിയാദിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇറാന്‍ ആണവകരാറിന് സന്നദ്ധമായില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. യുക്രെയ്നിന്‍ സമാധാനത്തിനായി തീവ്രശ്രമത്തിലാണെന്നും നാളെ തുര്‍ക്കിയില്‍ നടക്കുന്ന യുക്രെയ്ന്‍– റഷ്യ ചര്‍ച്ചകള്‍ നിര്‍ണായകമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ന് ഖത്തറിലെത്തുന്ന ട്രംപ് നാളെ യുഎഇയും സന്ദര്‍ശിക്കും.