ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണപിന്തുണയെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുട്ടിന്‍ ഫോണില്‍ സംസാരിച്ചു. പാക്കിസ്ഥാനുള്ള ധനസഹായം നിര്‍ത്തലാക്കണമെന്ന് ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കിനോട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് ആവര്‍ത്തിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പുട്ടിന്‍ പറഞ്ഞു.
ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ജപ്പാന്‍ പ്രതിരോധ മന്ത്രി ജനറല്‍ നകാറ്റനിയെയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. എഡിബി പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയ ധനമന്ത്രി നിര്‍മലാ സീതാരമന്‍ പാക്കിസ്ഥാനുള്ള ധനസഹായം നിര്‍ത്തലാക്കണമെന്ന് അഭ്യര്‍ഥിച്ചു. ഫണ്ടുകള്‍ പാക്കിസ്ഥാന്‍ ഭീകരവാദത്തിന് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ടില്‍ സുരക്ഷാസേന വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. തുടര്‍ച്ചായി പതിനൊന്നാം ദിവസവും കശ്മീര്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. ഇന്ത്യ തിരിച്ചടിച്ചു. ചെനാബ്, ഝലം നദികളില്‍ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള ജലമൊഴുക്ക് ഇന്ത്യ വീണ്ടും കുറച്ചു. ചെനാബിലെ ബഗ്ലിഹർ ഡാമിന്‍റേയും സലാല്‍ ഡാമിന്‍റേയും ഷട്ടറുകള്‍ താഴ്ത്തി. ഇതോടെ അഖ്നൂര്‍ മേഖലയില്‍ ചെനാബ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇന്ത്യ–പാക് സംഘര്‍ഷ സാഹചര്യം യുഎന്‍ രക്ഷാസമിതി വിലയിരുത്തും.