കുതിരയോട്ടത്തിലേതുപോലെ തന്നെ പ്രണയത്തിലും നോര്‍വേ രാജകുമാരിക്ക് വിജയകിരീടം. വളരെയധികം വിവാദങ്ങള്‍ക്കൊടുവിലാണ് നോർവേയിലെ ഹാരൾഡ് അഞ്ചാമൻ രാജാവിന്റെ മൂത്തമകളായ മാർത്തയും ഹോളിവുഡിന്റെ ആത്മീയ ഗുരുവായി പേരെടുത്ത യുഎസ് വിവാദപുരുഷൻ ഡ്യുറക് വെറെറ്റും തമ്മിലുള്ള വിവാഹം. 2022 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
3 ദിവസം നീളുന്ന ആഘോഷപരിപാടികളോടെയാണ് രാജകീയമായ വിവാഹം. വിവാഹത്തിന് മുന്‍പുള്ള ആഘോഷപരിപാടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചരിത്രപ്രാധാന്യമുളള അലെസുന്‍ഡ് ഹോട്ടലില്‍ നടന്ന 'ഗ്രീറ്റ് ആന്‍ഡ് മീറ്റ്'പരിപാടിയോടെയായിരുന്നു യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായ നോര്‍വേയിലെ ഗായ്‌റംഗറില്‍ നടക്കുന്ന സ്വകാര്യചടങ്ങിലാണ് വിവാഹം.
പ്രണയത്തിനായി ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങിയ വ്യക്തിയാണ് മാര്‍ത്ത. കാമുകനായ ഡുറെക് വെറിറ്റ് സ്വയംപ്രഖ്യാപിത മന്ത്രവാദിയാണ്. അതേസമയം, മരണത്തിൽനിന്ന് ഉയിർത്തെണീറ്റവൻ എന്നു സ്വയം വിളിക്കുന്ന വെറെറ്റ് തട്ടിപ്പുകാരനായ മുറിവൈദ്യനാണെന്നാണ് വിമർശകർ പറയുന്നത്. ഇദ്ദേഹം പിന്തുടരുന്ന ആഭിചാരക്രിയകളും അർബുദം സംബന്ധിച്ച വിവാദവിശ്വാസങ്ങളുമെല്ലാം നോർവേയിലെ രാജകുടുംബത്തിലും പൊതുസമൂഹത്തിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും തങ്ങളുടെ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് പറഞ്ഞ് ഇരുവരും സ്നേഹബന്ധം തുടര്‍ന്നു.കുതിരയോട്ടത്തിലും മാര്‍ത്ത മുന്‍പന്തിയിലാണ്.