രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും നിലവാരം പോരെന്നും ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെ 2020ലാണ് യൂറോപ്യന്‍ യൂണിയന്‍ വിലക്കിയത്. വര്‍ഷം നാല് കഴിഞ്ഞിട്ടും പക്ഷേ പാക്ക് എയര്‍ലൈന്‍സിന്റെ സ്ഥിതി മോശമായതല്ലാതെ തെല്ലും മെച്ചപ്പെട്ടിട്ടില്ല. ജീവന്‍ പണയം വച്ച് യാത്ര ചെയ്യാമെന്ന് കരുതിയാല്‍ പോലും പൊടിയടിച്ച് ചാകുമെന്നാണ് പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും യാത്രികനുമായ അലി ഖാന്‍ പറയുന്നത്. പാക്ക് എയര്‍ലൈന്‍സിന്റെ ദുരവസ്ഥ വെളിവാക്കുന്ന വിഡിയോയും അലി പങ്കുവച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനയാത്രയെന്നാണ് അലി ഇതിനെ വിശേഷിപ്പിച്ചത്.
സീറ്റിന്റെ ഇടയിലെല്ലാം പൊടിയും മാറാലയുമടക്കം പിടിച്ചു കിടക്കുന്നതും സീറ്റിന്റെ കൈപ്പിടി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും ഇരിക്കുന്നതിന് മുകളിലായി ഹാന്‍ഡ് ബാഗ് വയ്ക്കാനുള്ള കാബിന്‍ പൊട്ടിയിട്ട് ടേപ് വച്ച് ഒട്ടിച്ചിരിക്കുന്നതുമടക്കം അലിയുടെ വിഡിയോയില്‍ കാണാം. വിമാനത്തില്‍ കയറിയ അലിയോട് വിമാനത്തിനുള്ളില്‍ വിഡിയോ ചിത്രീകരണം അനുവദനീയമല്ലെന്ന് ജീവനക്കാര്‍ പറയുന്നതും കേള്‍ക്കാം.
പാക്കിസ്ഥാനിലെ ഗില്‍ജിത് പ്രവിശ്യ കാണുന്നതിനായാണ് ജീവന്‍ പണയം വച്ചും താന്‍ ഈ യാത്രയ്‌ക്കൊരുങ്ങിയതെന്ന് അലി വിശദീകരിക്കുന്നു. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നായതിനാല്‍ മാത്രം വടക്കന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പാക്ക് എയര്‍ലൈന്‍സ് തിരഞ്ഞെടുത്തതാണെന്നും അലി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റാദ്യം അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ആളുകള്‍ ഇടുന്നത്. ഇത്രയും അപകട യാത്ര ചെയ്യേണ്ടിയിരുന്നില്ലെന്നും ഭാഗ്യം കൊണ്ടാണ് ജീവനുള്ളതെന്നും ചിലര്‍ കുറിക്കുന്നു. പാക്കിസ്ഥാന്‍ എയര്‍ലൈന്‍സോ ?അങ്ങനെയൊന്നുണ്ടോ എന്ന് പരിഹാസ രൂപേണെ ചോദിക്കുന്നവരെയും വിഡിയോയ്ക്ക് ചുവടെ കാണാം.
പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വിമാനമില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുന്നത് പാക്ക് എയര്‍ലൈന്‍സിന് പുത്തരിയല്ല. കറാച്ചിയില്‍ നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കുമെല്ലാമുള്ള യാത്രകള്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിട്ട് പോലും പ്രതീക്ഷിച്ചതു പോലെ യാത്രക്കാരെ ലഭിച്ചിരുന്നില്ല