അൽത്താഫ് സലീമും അനാർക്കലി മരിക്കാറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മന്ദാകിനി. വിനോദ് ലീല സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം ‘ഓ മാരാ’ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സാമൂഹ മാധ്യമങ്ങളിൽ വൻ തരംഗമാണ് ഗാനം സൃഷ്ടിച്ചിരിക്കുന്നത്.
ബിബിൻ അശോക് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഓ മാരാ എന്ന ഈ ഗാനത്തിനായി വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. എന്ന് നിന്റെ മൊയ്തീനിലെ "മുക്കത്തെ പെണ്ണേ" എന്ന സൂപ്പർ ഹിറ്റ് ഗാനമാലപിച്ചു കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായകനായി മാറിയ മഖ്ബൂൽ മൻസൂറാണ് ഗാനം പാടിയിരിക്കുന്നത്. അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.