aksomaniac

ജീവിതത്തിൽ പ്രചോദനമായ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആണെന്ന് ആര്‍ ആന്‍ഡ് ബി ആര്‍ടിസ്റ്റ് ആരണ്‍ എന്ന അക്സൊമാനിയാക്. ഗിരീഷ് പുത്തഞ്ചേരി തന്നെ അദ്ഭുതപ്പെടുത്തുന്ന ഗാനരചയിതാവാണെന്നും ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ എടുത്ത് കാണാറുണ്ടെന്നും ആരണ്‍ പറഞ്ഞു. 

'അദ്ദേഹം രണ്ട് മിനിറ്റിലൊക്കെ പാട്ട് എഴുതും എന്നാണ് പറയുന്നത്. അതൊക്കെ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തും. ഞാൻ രണ്ട് മാസം എടുത്താണ് പാട്ട് എഴുതുന്നത്. അഭിമുഖങ്ങൾ നോക്കിയാൽ, അദ്ദേഹം വളരെ മെല്ലെയാണ് സംസാരിക്കുന്നത്. വേണ്ടാത്തത് ഒന്നും പറയില്ല, ആവശ്യമുള്ള കാര്യങ്ങൾ മാത്രം ശുദ്ധമലയാളത്തിൽ പറയും. അടുത്തിടെയായി വിനായക് ശശികുമാറിന്റെ പാട്ടുകളും കേൾക്കുന്നുണ്ട്. നല്ല രസമായി എഴുതുന്നൊരു പാട്ടുകാരനാണ് അദ്ദേഹം. ഒരുപാട് ഗാനങ്ങൾ അദ്ദേഹം എഴുതുന്നുണ്ട്. ചുരുങ്ങിയ കാലയളവിൽ ഇത്രയധികം പാട്ടെഴുതുക എന്ന് പറയുന്നതും വലിയ കാര്യമാണല്ലോ,' മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആരണ്‍ പറഞ്ഞു. 

അംശം തന്റെ പ്രണയിനിക്ക് വേണ്ടി കുട്ടിക്കളിയായി എഴുതിത്തുടങ്ങിയ പാട്ടായിരുന്നുവെന്നും അത് ഇത്ര പ്രശസ്തമാവുമെന്ന് വിചാരിച്ചില്ലെന്നും ആരണ്‍ പറഞ്ഞു. 'എഴുതി പകുതിയായപ്പോഴാണ് ഞാൻ ഗന്ധർവൻ സിനിമ കാണുന്നതും ബാക്കിയുള്ള ഒൻപത് പാട്ടുകളെക്കുറിച്ച് കുറച്ചുകൂടെ റിസർച്ച് ചെയ്യുന്നതും എഴുതുന്നതും. അപ്പോഴാണ് ഒരു കണക്ഷൻ ഉണ്ടായിവരുന്നത്. അതുവരെ അംശം ചെറിയൊരു പാട്ടായാണ് ഞാൻ കണക്കുകൂട്ടിയിരുന്നത്. പിന്നീട് വലിയൊരു കഥയുടെ ചെറിയൊരു ഭാഗമായി ഞാനതിനെ കണ്ടു. ആ പാട്ടിൽ നിന്ന് തത്ക്കാലത്തേക്ക് ഞാൻ പിന്നോട്ട് നിന്നു. 

അതിനുശേഷം ഈ പാട്ടിനായി ഒരു സ്ക്രിപ്റ്റ് എഴുതി. മന്മഥൻ എന്ന കഥാപാത്രം, പ്രണയിച്ച ശേഷം തിരിച്ചു പാതാളത്തിലേക്ക് തള്ളിത്താഴ്ത്തുന്നതിന് മുൻപ് എന്തൊക്കെ ചെയ്ത ശേഷമായിരിക്കും പോകുന്നത് എന്ന രീതിയിലാണ് സ്ക്രിപ്റ്റ് എഴുതിയത്. അതിനു ശേഷമാണ് അംശം വലിയൊരു കഥയായി മാറിയത്. എന്റെ പ്രണയിനിക്ക് വേണ്ടി എഴുതിയ പാട്ട് പിന്നീട് മന്മഥന്റെ കഥയായിത്തീരുകയായിരുന്നു.’ ആരണ്‍ പറ‍ഞ്ഞു. 

ENGLISH SUMMARY:

Akshomaniax, the R&B artist, finds inspiration in lyricist Gireesh Puthenchery, marveling at his swift songwriting abilities. He also praises Vinayak Sasikumar for his prolific and engaging lyrical work.