Image Credit: facebook.com/Iamkoottickaljayachandran
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിങ്ങളോട് പങ്ക് വെയ്ക്കാത്ത ഒരുകാര്യവുമെനിക്കില്ലെന്നും വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടുമില്ലെന്നുമാണ് ജയചന്ദ്രന്‍ പറഞ്ഞത്. നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജയചന്ദ്രന് എതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.
ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും ഒരു വലിയ വിഭാഗം ആളുകൾ തന്നിലർപ്പിച്ച വിശ്വാസമാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണമെന്നും ജയചന്ദ്രന്‍ പറഞ്ഞു. ജീവിതത്തില്‍ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നതായിരുന്നു കുഞ്ഞുനാളിലെ ആഗ്രഹം. എന്നിട്ടും ദൃശ്യം, ചാന്തുപൊട്ട് അടക്കം മുപ്പതോളം സിനിമകളിൽ ഭാഗമാകാന്‍ സാധിച്ചു. സഹകരിച്ചവരെയും ദ്രോഹിച്ചവരെയും മരണം വരെയും ഓര്‍ക്കുമെന്നും ജയചന്ദ്രന്‍ എഴുതി.
'അവിടെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവർത്തകര് ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരില്‍, കൂട്ടുകാരിലും 'ചിലർ' ഇരിക്കപ്പൊറുതിയില്ലാതെ കീഴുമേല് മറിയുന്നു...ദാ! ഇപ്പോൾ ഭാര്യയൊഴിച്ച് കുറെ വീട്ടുകാരും!
കൂടെ ഒരുവൻ നന്നാവുന്നതിൽ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല' എന്നും ജയചന്ദ്രന്‍ എഴുതി.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,
നിങ്ങളോട് പങ്ക് വെയ്ക്കാത്ത ഒരുകാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടുമില്ല! ഒരൊറ്റ സിനിമയിൽ എങ്കിലും ഈ ജന്മം അഭിനയിക്കണം എന്ന കുഞ്ഞുന്നാളിലെയുള്ള മോഹതീഷ്ണത ഒന്നു മാത്രം എന്നെ അവിടെയെത്തിച്ചു! ഒരു അസന്മാർഗ്ഗികതയിലൂടെയും പോകാൻ ഇടവരുത്താതെ പ്രകൃതി വഴികാട്ടി.
ഹോ, അവിടെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവർത്തകര് ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരില്‍, കൂട്ടുകാരിലും 'ചിലർ' ഇരിക്കപ്പൊറുതിയില്ലാതെ കീഴുമേല് മറിയുന്നു...ദാ! ഇപ്പോൾ ഭാര്യയൊഴിച്ച് കുറെ വീട്ടുകാരും!😄
കൂടെ ഒരുവൻ നന്നാവുന്നതിൽ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല!
എന്നിട്ടും, ഈ അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ 'ദൃശ്യം', 'ചാന്തുപൊട്ട്' ഇത്തരം അസാധ്യമായ വിജയങ്ങളുൾപ്പടെ മുപ്പതോളം സിനിമകളിൽ പങ്കാവാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും., ദ്രോഹിച്ചവരെയും!
ഇതെല്ലാം എഴുതാൻ കാരണം,
ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും, നിങ്ങളിൽ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്! മരണം വരെ നിങ്ങളുടെ മുന്നിൽ ഒരു ചെറിയ കലാകാരനായി നിൽക്കാൻ കൊതിയാണ്!
ഇനി, ഞാനേത് ഷേപ്പിൽ വരുവെന്നറിയത്തില്ല! ഏത് ഷേപ്പിൽ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ...