Image Credit; Facebook
ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങുമുള്ള ചലച്ചിത്രപ്രേമികളുടെ പ്രിയങ്കരനായിരുന്നു കോവിഡ് കാലത്ത് വിട പറഞ്ഞ നടന്‍ ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്റെ അവിചാരിത വിയോഗം ഇപ്പോഴും താങ്ങാനാകാത്ത ആസ്വാദകര്‍ അടുത്തിടെ ആശ്വാസം കണ്ടെത്തിത്തുടങ്ങിയത് അദ്ദേഹത്തിന്റെ മകന്‍ ബാബില്‍ ഖാനിലൂടെയാണ്. പിതാവിന്റെ മരണശേഷം സിനിമയില്‍ തുടക്കം കുറിച്ച ബാബില്‍ ഖാന്‍ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ ശ്രദ്ധേയനായി. ഇര്‍ഫാനുമായുള്ള രൂപസാദൃശ്യവും അഭിനയത്തിലെ സൂക്ഷ്മതയുമെല്ലാം ബാബിലിനെ പൊടുന്നനേ തന്നെ സിനിമാപ്രേമികളുടെ പ്രിയങ്കരനാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ബാബില്‍ ഖാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോള്‍ ബോളിവുഡില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയിരിക്കുന്നത്. ഹിന്ദി ചലച്ചിത്രലോകം ഇന്നേ വരെ കണ്ടതിലേക്കും ഏറ്റവും കാപട്യം നിറഞ്ഞ ലോകമാണെന്ന് ബാബില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് വീഡിയോയില്‍ പറയുന്നു.
ഹിന്ദിയിലെ ഒട്ടേറെ പുതുതലമുറ താരങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. അനന്യാ പാണ്ഡേ, അര്‍ജുന്‍ കപൂര്‍, ഷനായ കപൂര്‍, തുടങ്ങിയ താരസന്തതികളെയും സിദ്ധാന്ത് ചതുര്‍വേദി, ആദര്‍ശ് ഗൗരവ് തുടങ്ങിയ താരങ്ങളെയും എടുത്തു പറഞ്ഞാണ് കപടലോകമെന്ന് ബാബില്‍ പൊട്ടിത്തെറിച്ചത്. തൊട്ടുപിന്നാലെ ബാബിലിന്റെ ഇന്‍സ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തതോടെ ആരാധകര്‍ ആശങ്കയിലായി. അടുത്ത ദിവസം തന്നെ ബാബിലിന്റെ ടീം മാനേജര്‍ ഒരു വിശദീകരണക്കുറിപ്പിറക്കി. ബാബില്‍ ഒരു ദുര്‍ഘടാവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നുവെന്നാണ് വിശദീകരണം. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി ആരുടെയും പേരുകള്‍ വിലയിരുത്തരുതെന്നും അഭ്യര്‍ഥിച്ചിരുന്നു. മൊത്തം സംഭവങ്ങളോട് ചലച്ചിത്രപ്രേമികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്. ഒട്ടേറെപ്പേര്‍ ബാബിലിന് പിന്തുണയുമായെത്തി. വീഡിയോയില്‍ പരാമര്‍ശിച്ച താരങ്ങള്‍ പോലും ബാബിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തു വന്നു. പക്ഷേ ബാബിലിന്റെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും പിന്തുണയ്ക്കുന്നവര്‍ പോലും ഓര്‍മപ്പെടുത്തുന്നു.
നേരത്തെ പിതാവ് ഇര്‍ഫാന്‍ ഖാന്‍റെ അവിചാരിത വിയോഗത്തിനു ശേഷം വിഷാദരോഗത്തിലൂടെ കടന്നു പോയതായി ബാബില്‍ ഖാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കടുത്ത ആത്മഹത്യാപ്രവണതയുണ്ടായിരുന്നുവെന്നും പാടു പെട്ടാണ് ആ അവസ്ഥയില്‍ നിന്ന് പുറത്തു കടന്നതെന്നും തുറന്നു പറയുകയും ചെയ്തു. 26–കാരനായ താരത്തിന്റെ ഏറ്റവും വലിയ പിന്‍ബലം മാതാവ് സുതാപ സിഖ്ദര്‍ ആണ് . ഖാല എന്ന സിനിമയിലൂടെ 2022ല്‍ തുടക്കം കുറിച്ച ബാബില്‍ റെയില്‍വേ മെന്‍ എന്ന സീരീസിലെ മികച്ച പ്രകടനത്തിനും പ്രേക്ഷകപ്രശംസ നേടി.
ജൂഹി ചൗളയ്ക്കൊപ്പമുള്ള ഫ്രൈഡേ നൈറ്റ് പ്ലാനും ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെ ശ്രദ്ധയോടെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തു മുന്നോട്ടു പോകുന്ന താരം പിതാവ് ഇര്‍ഫാന്‍ ഖാന്റെ മേല്‍വിലാസത്തില്‍ നിന്നും ഇതിനോടകം തന്നെ പുറത്തു കടന്നു സ്വന്തമായൊരു ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. അതിനിടെ അപ്രതീക്ഷിതമായുണ്ടായ വൈകാരികവിസ്ഫോടനത്തില്‍ നിന്ന് ബാബില്‍ പുറത്തു വരുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.