എമ്പുരാനിൽ സർപ്രൈസ് റോളിലെത്തിയ പ്രണവ് മോഹൻലാലിന്റെ കലിപ്പൻ ലുക്കിന് തീയേറ്ററിൽ ലഭിച്ചത് നിറഞ്ഞ കയ്യടിയാണ്. ഒറ്റ ഷോട്ടേ ഉള്ളെങ്കിലും അതിൻറെ തീവ്രതയും നിഗൂഢതയും ഒരുപോലെ മനസ്സിൽ കോറിയിടുന്ന രൂപം. സിനിമയുടെ മൂന്നാം പാർട്ടിലേക്കുള്ള സൂചന! മോഹൻലാലിന്റെ പഴയ രൂപം കഥാപാത്രത്തിന് അനുയോജ്യമാകുന്ന വിധം പ്രണവിൽ പകർത്തിയത് ചങ്ങനാശ്ശേരി സ്വദേശി ആർ.ശ്രീരാജാണ്. എമ്പുരാനിലെ ഡ്രോയിങ് ആർട്ടിസ്റ്റാണ് കക്ഷി.
എങ്ങനെയാണ് പ്രണവിന്റെ ക്യാരക്ടർ ലുക്ക് സ്കെച്ച് ചെയ്യാൻ അവസരം ലഭിച്ചത്?
കഴിഞ്ഞ ജൂണിൽ ചിത്രത്തിന്റെ ഹെയർ സ്റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സ്വാമി ചേട്ടനൊപ്പം (നരസിംഹ സ്വാമി) എമ്പുരാൻറെ സെറ്റിലേക്ക് പോയതാണ്. അവിടെവെച്ചാണ് ചീഫ് മേക്കപ്പ് മാൻ ശ്രീജിത്തേട്ടൻ (ശ്രീജിത്ത് ഗുരുവായൂർ) പ്രണവിന്റെ ക്യാരക്ടർ ലുക്ക് സ്കെച്ച് ചെയ്യണമെന്ന് പറയുന്നത്. പ്രണവിന് ഇത്തരം ഒരു ഗെറ്റപ്പ് വേണം എന്ന് പറഞ്ഞത് ശ്രീജിത്തേട്ടനാണ്.
സാധാരണ കലിപ്പ് ലുക്കിൽ നമ്മൾ പ്രണവിനെ കണ്ടിട്ടുള്ളത് വളരെ കുറവാണ്
പ്രണവ് മോഹൻലാലിന്റെ അധികം ഫോട്ടോകൾ കയ്യിലില്ല. ഇതിനുവേണ്ടി ഫോട്ടോഷൂട്ടുകളും ചെയ്തിട്ടില്ല. അതായിരുന്നു പ്രധാന വെല്ലുവിളി. പല പല ലുക്കിൽ അദ്ദേഹത്തെ വരച്ചെടുത്തു. രക്തത്താൽ നനഞ്ഞു കിടക്കുന്ന മുടി വേണമെന്ന് പറഞ്ഞിരുന്നു. അതിനുവേണ്ടി എന്റെ മുടിയിലായിരുന്നു ഓരോ പരീക്ഷണങ്ങളും നടത്തിയത്. മുടി പലതവണ നനച്ചു. വിവിധ ആംഗിളുകളിൽ നിന്ന് ഫോട്ടോകൾ എടുത്തു. ഒടുവിൽ ചിത്രത്തിലെ പ്രണവ് മോഹൻലാലിന്റെ ലുക്കിലെത്തി
‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ മോഹൻലാലിനെ കണ്ടതുപോലെ'
ശ്രീജിത്ത് ചേട്ടൻ ആദ്യമേ പറഞ്ഞിരുന്നു 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ ലാലേട്ടന്റെ ലുക്ക് കൊണ്ടുവന്നാൽ നന്നായിരിക്കുമെന്ന്. അത്തരത്തിൽ പ്രണവിനെ നിരവധി തവണ സ്കെച്ച് ചെയ്തു നോക്കി. അതിൽ നല്ലതെന്ന് തോന്നിയതെല്ലാം ശ്രീജിത്തേട്ടന് അയച്ചുകൊടുത്തു. ശ്രീജിത്തേട്ടൻ അതിലൊന്ന് തിരഞ്ഞെടുത്ത് രാജുവേട്ടന് (പൃഥ്വിരാജിന്) അയച്ചു. അദ്ദേഹം ഓ.കെ. പറഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി. ശ്രീജിത്തേട്ടനും സ്വാമി ചേട്ടനും കൂടിയാണ് പ്രണവിന് ലുക്ക് ടെസ്റ്റ് നടത്തിയത്. എൻറെ ഭാവനയിലെ ചിത്രത്തിന് ജീവനേകിയത് ഇരുവരും ചേർന്നാണെന്ന് പറയാം.
എമ്പുരാനിലേക്കാണ് ചിത്രം വരയ്ക്കുന്നത് എന്ന് ആദ്യമേ മനസ്സിലായിരുന്നോ?
സ്വാമി ചേട്ടന്‍ എന്നെ എമ്പുരാന്റെ സെറ്റിലേക്ക് കൊണ്ടുപോയാണ് കാര്യങ്ങൾ വിശദീകരിച്ചത്. പ്രണവ് ചിത്രത്തിൽ ഉണ്ടെന്നത് ആർക്കും അറിയാത്ത ഒന്നാണല്ലോ. അതുകൊണ്ട് അതിൻറെ രഹസ്യാത്മകത സൂക്ഷിക്കേണ്ടത് ആദ്യഘട്ടം മുതൽ നിർബന്ധമായിരുന്നു. അത്രത്തോളം ആകാംക്ഷയും സന്തോഷവും ഉണ്ടെങ്കിലും അത് പുറത്ത് പറയാതെ കൊണ്ടുപോകേണ്ട അവസ്ഥ. ക്യാരക്ടർ ലുക്ക് സ്കെച്ച് രാജുച്ചേട്ടൻ ഓ.കെ. പറഞ്ഞു എന്നറിഞ്ഞപ്പോൾ മുതൽ കാത്തിരിപ്പായിരുന്നു,
തന്റെ ഭാവനയിൽ വിരിഞ്ഞ പ്രണവിന്റെ ലുക്ക് സ്ക്രീനിൽ എങ്ങനെയായിരിക്കുമെന്നറിയാനുള്ള ആകാംക്ഷ, അതിനൊപ്പം ഈ സിനിമയിൽ താനും ഒരു ചെറിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും തുറന്നുപറയാനുള്ള കാത്തിരിപ്പ്. ഒടുവിൽ ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം സിനിമ തീയറ്ററിൽ എത്തി. എങ്കിലും ഇക്കാര്യം പുറത്തുവിടാൻ ആകാത്ത അവസ്ഥയായിരുന്നു. പ്രണവ് സിനിമയിൽ ഉണ്ടെന്നു പറഞ്ഞാൽ പിന്നീട് കാണാനിരിക്കുന്നവർക്കും സ്പോയിലർ ആകുമല്ലോ. അതുകൊണ്ട് രാജുച്ചേട്ടൻ ക്യാരക്ടർ ലുക്ക് പുറത്തുവിടുംവരെ വീണ്ടും കാത്തിരിപ്പ് തുടർന്നു. അതിനുശേഷമാണ് ഞാൻ ഇക്കാര്യം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. നാലുലക്ഷത്തിലധികം ആളുകളാണ് അത് കണ്ടത്.
ഇത്രയും വലിയ ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമ കാണാൻ പോകുമ്പോൾ പോലും സിനിമയിൽ ഇതുണ്ടോ എന്നുള്ള കാര്യം ഉറപ്പില്ലായിരുന്നു. തീയേറ്ററിൽ കാത്തിരുന്നതും പ്രണവിനെ കാണാൻ വേണ്ടിയാണ്. അവസാനഭാഗത്താണ് പ്രണവ് വരുന്നത്. അത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ചിത്രം കണ്ട് ചലച്ചിത്രം മേഖലയിൽ നിന്നു തന്നെ നിരവധി പേർ വിളിച്ച് അഭിനന്ദിച്ചു.
മോഹൻലാലിൻറെ ശരീരപ്രകൃതിയിൽ നിന്ന് വ്യത്യസ്തമാണല്ലോ പ്രണവിന്റെ ലുക്ക്
തീർച്ചയായും. പ്രണവിന്റെ ഇത്തരം ഒരു ലുക്ക് റഫർ ചെയ്യാൻ പറ്റിയ അദ്ദേഹത്തിൻറെ ചിത്രങ്ങൾ എവിടെയും ഉണ്ടായിരുന്നില്ല. നേരിട്ട് കാണുന്നുമില്ല. ക്ലീൻ ഷേവ് ചെയ്ത ചിത്രങ്ങൾ വളരെ കുറവും. ക്ലീൻ ഷേവ് ചെയ്ത് മീശ മാത്രമുള്ള ചിത്രമാണ് ഞാൻ ചെയ്തത്. ചെറിയ വ്യത്യാസം ശ്രീജിത്ത് ചേട്ടൻ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. മോഹൻലാലിന്റെ മുഖത്തിന്റെ ആകൃതിയിൽ നേരിയ വ്യത്യാസം വരുത്തിയാൽ തന്നെ പ്രണവിന്റെ മുഖമാകും. വരയ്ക്കുമ്പോഴൊക്കെ അത് മനസ്സിലുണ്ടായിരുന്നു.