സ്വന്തം വല്ല്യമ്മച്ചിയെ വാരിയെടുത്തുകൊണ്ടു നടക്കുന്ന നടി സ്മിനുവിന്റെ വിഡിയോ ശ്രദ്ധിക്കപ്പെടുന്നു. ഗെയിറ്റില്‍ നിന്നും വല്ല്യമ്മച്ചിയെയും കൊണ്ട് നിറഞ്ഞ ചിരിയോടെ വീട്ടിലേക്കുകയറിവരുന്ന സ്മിനുവിനെയാണ് വിഡിയോയില്‍ കാണാനാവുക. കര്‍മ എന്ന വാക്കിനു സ്നേഹത്തിന്റെ ഭാഷയില്‍ ഒരു ഓര്‍മപ്പെടുത്തലാണീ വിഡിയോ എന്നാണ് സ്മിനു പറയുന്നത്.
ബാല്യത്തില്‍ തന്നെ എടുത്തോണ്ടുനടന്ന അമ്മയുടെ അമ്മയാണ്, കുട്ടിക്കാലത്ത് ഇങ്ങോട്ടു ലഭിച്ച സ്നേഹത്തിന്റെ ഓര്‍മകള്‍ക്ക് പകരം കൊടുക്കാന്‍ ഇതിലും വലുതായൊന്നുമില്ലെന്നും സ്മിനു പറയുന്നു. ‘എന്റെ അമ്മയുടെ അമ്മ. ഭൂമിയിൽ ആദ്യമായി എന്റെ പപ്പയ്ക്ക് ഒപ്പം സ്നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ. എന്റെ വല്യമ്മച്ചി. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകൾ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്നേഹത്തിന്റെയും ഓർമകളിൽ പകരം കൊടുക്കാൻ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല. എന്റെ ബാല്യത്തിൽ അമ്മച്ചി എന്നെ എടുത്തു. അമ്മച്ചിയുടെ വാർധക്യത്തിൽ അമ്മച്ചിയെ ഞാൻ എടുക്കുന്നു. കർമ എന്ന വാക്കിന് സ്നേഹത്തിന്റെ ഭാഷയിൽ ചെറിയ ഒരു ഓർമപ്പെടുത്തൽ. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആവട്ടെ നമ്മുടെ മാതാപിതാക്കൾ'എന്നാണ് സ്മിനു ഈ വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
അതേസമയം സ്മിനുവിനെ വിമര്‍ശിച്ചും വിഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറഞ്ഞു. എന്തിനാണീ കാട്ടിക്കൂട്ടല്‍ എന്നു ചോദിച്ചയാളോട് നിങ്ങളുെട വീട്ടിലെ ആരെയും അല്ലല്ലോ എന്റെ വല്ല്യമ്മച്ചിയെ അല്ലേ എടുത്തത് എന്നായിരുന്നു സ്മിനുവിന്റെ മറുപടി.