നന്ദ കിഷോർ സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വാർത്ത ആരാധകരെ അറിയിച്ചത്. ഇതൊരു സാധരണ ചിത്രമല്ല പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന എപ്പിക്ക് ആക്ഷൻ എന്റർടൈനർ ആണെന്നാണ് താരം സാക്ഷ്യപ്പെടുത്തുന്നത് .
മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. മോഹൻലാലിനൊപ്പം സിനിമയുടെ അണിയറക്കാർ പായ്ക്കപ്പ് ദിവസം കേക്ക് മുറിച്ച് ആഘോഷമാക്കി. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്.
‘വൃഷഭ പൂർത്തിയായി. ഇത് വെറുമൊരു സിനിമയല്ല-എപ്പിക് ആക്‌ഷൻ എന്റർടെയ്‌നറാണ്, സീറ്റ് എഡ്ജ് ത്രില്ലർ അനുഭവം പ്രേക്ഷകർക്കു സമ്മാനിക്കും. എല്ലാ വെല്ലുവിളികളെയും വിജയമാക്കി മാറ്റിയ നന്ദകിഷോറിനും, ഇത് സാധ്യമാക്കാൻ തങ്ങളാലാകുന്നതെല്ലാം നൽകിയ അണിയറപ്രവർത്തകർക്കും നന്ദി. നിർമാതാക്കളുടെ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദി. അവിസ്മരണീയമായ ഒരു യാത്രയ്ക്ക് തയാറാകൂ! ഈ ദീപാവലിക്ക് തിയറ്ററുകളിൽ കാണാം.’പായ്ക്കപ്പ് വിഡിയോ പങ്കുവച്ച് മോഹൻലാല്‍ കുറിച്ചു.