ഉണ്ണിമുകുന്ദന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം മാര്‍ക്കോയ്ക്ക് സ്പൂഫ് ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. ചിത്രത്തിലെ ഇന്‍ർവെൽ ഫൈറ്റ് സീനിന്‍റെ സ്പൂഫ് വിഡിയോയാണ് യുവാക്കള്‍ ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കളാണ് ഈ വിഡിയോയ്ക്കു പിന്നിൽ. ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം ഭാഷകളുടെ അതിർവരമ്പുകള്‍ ഭേദിച്ച് വലിയ വിജയം നേടിയിരുന്നു. ഹിന്ദി ബോക്സോഫീസിലും ചിത്രം വന്‍ കളക്ഷനാണ് നേടിയത്.
നേരത്തെ ബ്രഹ്മാണ്ഡ സിനിമകളായ കെജിഎഫും സലാറും പോലുള്ള സിനിമകളുടെ ആക്‌ഷൻ സീനുകൾ അനുകരിച്ചിരുന്ന ഇവർ ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ആക്‌ഷൻ സീന്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും 'മാർക്കോ' യ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ജനുവരി 31ന് 'മാർക്കോ' കന്നഡയിലും റിലീസിനായി ഒരുങ്ങുകയാണ്.
തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ മാർക്കോയ്ക്ക് 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കിൽ ആദ്യ ദിനം നേടാനായത്. ജനുവരി ഒന്നിനാണ് തെലുങ്കിൽ 300 തിയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. കന്നഡയിലും ഇത്തരത്തിലൊരു വരവേൽപ്പ് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. ഇതിനകം 100 കോടി ആഗോള കളക്ഷൻ നേടിക്കഴിഞ്ഞ ചിത്രം കേരളത്തിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.