nayanthara-mohanlal

TOPICS COVERED

മലയാളത്തില്‍ നിന്ന് തുടങ്ങി ഭാഷകള്‍ക്കപ്പുറം വളര്‍ന്ന നടിയാണ് നയന്‍താര. ജയറാമിനൊപ്പം മനസിനക്കരെയിലൂടെയാണ് നയന്‍താര സിനിമയിലെത്തുന്നത്. ഇന്ന് അറിയപ്പെടുന്ന നടിയായി മാറിയെങ്കിലും തുടക്കത്തിലെ ചിത്രങ്ങളില്‍ അനുഭവിച്ച പ്രതിസന്ധി തുറന്നു പറയുകയാണ് താരം. ഷൂട്ടിങിനിടെ തന്‍റെ പെര്‍ഫോമെന്‍സില്‍ സംവിധായകന്‍ ഫാസിലിന് ക്ഷമ നശിച്ചെന്നും നടന്‍ മോഹന്‍ലാലിന്‍റെ തുടര്‍ച്ചയായ ഉപദേശം തനിക്ക് ദേഷ്യം വന്നെന്നും നയന്‍സ് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

വിസ്മയത്തുമ്പത്ത് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തെ സംഭവങ്ങളെ പറ്റിയാണ് താരം തുറന്നു പറഞ്ഞത്. എന്നെ ഓര്‍ത്ത് ഫാസില്‍ സാര്‍ അസ്വസ്ഥനായ ഒരു ദിവസമുണ്ടായിരുന്നു, അത് ഞാനിന്നും ഓര്‍ക്കുന്നു എന്നു പറഞ്ഞാണ് നയന്‍താര തുടങ്ങുന്നത്.

'ഇവരെ കൊണ്ട് എനിക്കിത് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല, ഞാന്‍ പറയുന്നതൊന്നും നിനക്ക് മനസ്സിലാകുന്നില്ല. ഒന്നാമതായി ഞാന്‍ മലയാളത്തില്‍ അല്ല ചിന്തിക്കുന്നത്. സിനിമയുടെ ഭാഷ നമ്മള്‍ സംസാരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്...' എന്നിങ്ങനെയായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് നയന്‍സ് ഓര്‍ക്കുന്നു. 

‘ശേഷം മോഹന്‍ലാല്‍ സാറും എന്നോട് സംസാരിച്ചു. നയൻ, നിങ്ങൾ ഉള്ളിൽ നിന്ന് വികാരഭരിതരാകണം’ എന്നാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്, ഇതോടെ എനിക്ക് ദേഷ്യം വന്നു' എന്നും നയന്‍താര പറഞ്ഞു. 

'ഞാനെന്താണ് ചെയ്യേണ്ടത് എന്നു പോലും എനിക്കറിയില്ല, എന്ത് ഡയലോഗാണ് ഞാന്‍ പറയുന്നതെന്നും എനിക്കറിയില്ല, എന്നെ വിഷമത്തിലാക്കരുത്, ആ വാക്കില്‍ പ്രണയത്തിലാവുക, കണ്ണുനീര്‍ പൊഴിക്കുക, എന്നിങ്ങനെയാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ എന്‍റെ ഉള്ളില്‍ അങ്ങനെയൊന്നുമില്ല. ആകെയുള്ളത് ഭയം മാത്രമാണ്', തന്‍റെ ഈ വാക്കുകള്‍ കേട്ട് ഫാസില്‍ ചിരിച്ചു കൊണ്ട് ഇടവേള എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും താരം പറഞ്ഞു. 

ഇതിന് ശേഷം ഫാസിൽ സാര്‍ കൂടുതല്‍ അസ്വസ്ഥനായിരുന്നു എന്നും നയൻതാര പറയുന്നു. 'രണ്ടു മണിക്കൂറിനു ശേഷം തിരിച്ചുവന്ന് അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു, ഞാന്‍ നിന്നെ വിശ്വസിച്ചു, ഇനിയും വിശ്വസിക്കാന്‍ പോവുകയാണ്. എനിക്ക് നല്ലൊരു പെര്‍ഫോമന്‍സ് വേണം, പരാജയം ആവശ്യമില്ല, ഇന്ന് നമുക്ക് അവധിയെടുക്കാം, നാളെ നീ തിരിച്ചുവന്നശേഷം നമുക്ക് തീരുമാനിക്കാം' എന്നായിരുന്നു ഫാസിലിന്‍റെ വാക്കുകള്‍. 

ഫാസിലിനെ തൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താന്‍ ആ ദിവസങ്ങളില്‍ കഠിനാധ്വാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും നയൻതാര പറഞ്ഞു. ശ്രമം ഫലം കണ്ടു, അടുത്ത ദിവസം തന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞ് ഫാസില്‍ സാര്‍ തന്നെ കെട്ടിപിടിച്ചെന്നും നയന്‍താര പറഞ്ഞു. 

ENGLISH SUMMARY:

Nayanthara annoyed at Vismayathumbathu shooting location after Mohanlal’s repeated suggestions and director Fazil became ‘very upset’ with her performance.