രണ്ടു ഗെറ്റപ്പുകളിലായി സൂര്യ എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ റിലീസ് ട്രെയിലർ പുറത്തെത്തി. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിലെ ഒരു കഥാപാത്രത്തില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. മറ്റൊരു കഥാപാത്രം ഇപ്പോഴത്തെ കാലഘട്ടത്തിലുള്ളതാണെന്നാണ് ട്രെയിലറിലെ സൂചന. ടൈം ട്രാവലിലൂടെ കഥപറയുന്ന സയൻസ് ഫിക്‌ഷൻ സിനിമയാകും കങ്കുവ. യുവി ക്രിയേഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്ന് നിർമിക്കുന്ന കങ്കുവയുടെ ബഡ്ജറ്റ് 350 കോടിയാണ്.
സിരുത്തൈ ശിവയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നവംബർ 14നാണ് തിയറ്ററുകളിലെത്തുക.
ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സിനിമയിൽ വില്ലനായി എത്തുന്ന ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. അനിമൽ സിനിമയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണ് കങ്കുവ.
നിഷാദ് യൂസഫാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. കങ്കുവ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവിസാണ്. സംഗീതം; ദേവി ശ്രീ പ്രസാദ്. ഛായാഗ്രഹണം; വെട്രി പളനിസാമി.
ഇതുവരെ നമ്മള്‍ കണ്ട പിരീയിഡ് രംഗങ്ങള്‍ക്കും അപ്പുറം കഥയുടെ വലിയൊരു ഭാഗം ഇപ്പോഴത്തെ കാലത്താണ് നടക്കുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു. ഞെട്ടിക്കുന്ന ദൃശ്യ വിസ്മയമാണ് ശിവ ഒരുക്കിയത് എന്ന് ട്രെയിലറില്‍ വ്യക്തമാണ്.
ചിത്രത്തില്‍ നടരാജൻ സുബ്രഹ്‍മണ്യം, റെഡ്ഡിൻ കിംഗ്‍സലെ, കൊവൈ സരള, വത്‍സൻ ചക്രവര്‍ത്തി, ആനന്ദരാജ്, രവി രാഘവൻ, കെ എസ് രവികുമാര്, ഷാജി ചെൻ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപ വെങ്കട്, ബാല ശറവണൻ, പ്രേം കുമാര്‍, കരുണാസ്, ബി എസ് അവിനാശ്, അഴകം പെരുമാള്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.