സ്പെയിനില്‍ എവിടെയോ ജോലിയിലാണ്, പൈസ ഒന്നും കിട്ടില്ല, താമസവും ഭക്ഷണവുമുണ്ട്. കുതിരകളെയോ ആട്ടിന്‍കുട്ടികളെയോ നോക്കുന്നതായിരിക്കാം ജോലി, മകനായ പ്രണവിനെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.
വളരെ കുറച്ച് സിനിമകള്‍, യാത്രകള്‍ ഒരുപാട് അതാണ് പ്രണവിന്‍റെ ജീവിതരീതി. യാത്രചെയ്യുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും കുറിപ്പുകളും കവിതകളുമെല്ലാം പ്രണവ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഒരു മെഗാസ്റ്റാറിന്‍റെ മകന് ഇത്രയും ലാളിത്യമോ എന്നാണ് സൈബര്‍ ലോകം ചോദിക്കാറുള്ളത്. കുറച്ചുനാളായി താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകാതായതോടെ പ്രണവ് എവിടെ എന്നുള്ള ചോദ്യങ്ങളും സജീവമായി. പിന്നാലെയാണ് മകന്‍റെ ജോലി വെളിപ്പെടുത്തിയുള്ള അമ്മയുടെ വാക്കുകള്‍. സുചിത്രയുടെ വിഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
വർഷത്തിൽ രണ്ടു സിനിമകളെങ്കിലും പ്രണവ് ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്നും എന്നാല്‍ പ്രണവിന്‍റെ ഇഷ്ടം മറ്റൊന്നാണെന്നും സുചിത്ര പറയുന്നു. സിനിമയുടെ കഥകൾ താൻ കേൾക്കുമെങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് പ്രണവ് തന്നെയാണ്. പ്രണവിന് സ്വന്തമായ ചില തീരുമാനങ്ങളുണ്ടെന്നും അതില്‍ നിന്ന് മാറില്ലെന്നും സുചിത്ര പറഞ്ഞു. രണ്ടു വർഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. വർഷത്തിൽ രണ്ടു പടമെങ്കിലും ചെയ്യണമെന്ന് താന്‍ പറയാറുണ്ടെങ്കിലും അവൻ കേൾക്കില്ല. ചിലപ്പോൾ ആലോചിക്കുമ്പോൾ തോന്നും, അവൻ പറയുന്നതാണ് ശരിയെന്ന്! ഇതൊരു ബാലൻസ് ആണല്ലോ എന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
എല്ലാവരും പ്രണവിനെ അച്ഛന്‍ മോഹന്‍ലാലുമായി താരതമ്യം ചെയ്യുമെന്നും അച്ഛന്റെ ഏഴയലത്ത് ഇല്ല എന്നൊക്കെ പറയും. അപ്പുവിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ എന്നും സുചിത്ര ചോദിക്കുന്നു. മോഹന്‍ലാലിന്റെ ഏതെങ്കിലും സിനിമകള്‍ പ്രണവ് ചെയ്തിരുന്നെങ്കില്‍ എന്ന് തനിക്ക് ആഗ്രഹമില്ല. ഉണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ അവരെ ഇരുവരേയും താരതമ്യം ചെയ്യുകയോ ജഡ്ജ് ചെയ്യുകയോ ചെയ്തേക്കാം. അതുകൊണ്ട് എനിക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്നും സുചിത്ര വ്യക്തമാക്കി.