പ്രണയത്തിന്‍റെ മറ്റൊരു മുഖവും ഭാവവും കാണിച്ചുതന്ന ചിത്രമായിരുന്നു 96. കണ്ടവർ ഒരിക്കൽകൂടി കാണാൻ കൊതിക്കുന്ന ദൃശ്യ വിരുന്നായിരുന്നു പ്രേം കുമാറിന്‍റെ സംവിധാനത്തിലെത്തിയ ഈ ചിത്രം. വിജയ് സേതുപതിയും തൃഷയും, റാമും ജാനകിയുമായി സ്‌ക്രീനിലെത്തിയപ്പോള്‍ നഷ്ടപ്രണയത്തിന്‍റെ ഏറ്റവും മനോഹര പ്രതീകങ്ങളായാണ് ഇരുവരെയും കാണികള്‍ ഏറ്റെടുത്തത്.
റാമിനെയും ജാനുവിനെയും സ്നേഹിച്ച പ്രേക്ഷകര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 96 ചിത്രത്തിന്‍റെ രണ്ടാം ഭാഗമെത്തുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഒരു തമിഴ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
96 ചിത്രത്തിന്‍റെ രണ്ടാം ഭാഗം എടുക്കാന്‍ താല്പര്യമുണ്ട്. ചിത്രത്തിന്‍റെ കഥ എഴുതി പൂർത്തിയാകാറായി. ഇനി അല്പം മിനുക്കുപണികൾ കൂടിയേ ബാക്കിയുള്ളൂ. 96 ന് ഒരിക്കലും രണ്ടാം ഭാഗം എഴുതരുത് എന്നാണ് വിചാരിച്ചിരുന്നതെങ്കിലും കഥ എഴുതി വന്നപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു. വിജയ് സേതുപതിയുടെ ഭാര്യയോട് കഥ പറഞ്ഞു കേള്‍പ്പിച്ചു. അദ്ദേഹത്തിനോട് ഇതുവരെ പറഞ്ഞിട്ടില്ല. കഥ പൂർത്തിയാക്കിയ ശേഷം വിജയ് സേതുപതിയോട് പറയണമെന്നും പ്രേം കുമാര്‍ പറഞ്ഞു. തൃഷയ്ക്കും വിജയ് സേതുപതിക്കും ഇഷ്ടപ്പെടുകയും അവരുടെ ഡേറ്റുകള്‍ കിട്ടുകയും ചെയ്താല്‍ ചിത്രം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയ് സേതുപതിയുടെയും തൃഷയുടെയും കരിയറിലെ ഏറ്റവും മികച്ച പെർഫോമന്‍സുകളിലൊന്നായാണ് ‘96 ലെ വേഷങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ സ്കൂള്‍ കാലത്തുണ്ടായ പ്രണയവും വേര്‍പിരിയലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരലുമൊക്കെയാണ് കഥയുടെ പ്രമേയം. തമിഴ്നാട്ടിൽ മാത്രം ഒതുങ്ങി നിൽക്കാതെ സിനിമ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.