മലയാളി താരം വിശാഖ് നായര്‍ക്ക് വധഭീഷണി. ഇന്ദിര ഗാന്ധിയുടെ ജീവിത കഥ പറയുന്ന കങ്കണയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ പേരിലാണ് വധഭീഷണി. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയെയാണ് വിശാഖ് അവതരിപ്പിക്കുന്നത്.
വധഭീഷണി ലഭിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ നടന്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വധ ഭീഷണി ലഭിക്കുന്നു. എമര്‍ജന്‍സി സിനിമയില്‍ എന്റെ കഥാപാത്രം ജര്‍നയ്ല്‍ സിങ് ഭിന്ദ്രാന്‍വാലെയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഭീഷണി സന്ദേശം അയക്കുന്നത്, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വിശാഖ് പറയുന്നു.
സിനിമയില്‍ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നതിന് മുന്‍പ് സത്യാവസ്ഥ കൂടി മനസിലാക്കാന്‍ ശ്രമിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു, വിശാഖ് നായര്‍ പറയുന്നു.
കങ്കണ സംവിധാനം ചെയ്യുന്ന സിനിമയാണ് എമര്‍ജന്‍സി. ഇതില്‍ ചരിത്ര സംഭവങ്ങള്‍ തെറ്റായി കാണിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സിഖ് സമുദായത്തിന് കളങ്കമുണ്ടാക്കുന്നതായും വിദ്വേഷം പ്രചരിപ്പിക്കുന്നതായും ആരോപിച്ച് വിമര്‍ശനം ശക്തമായിരുന്നു.