ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആറു വര്‍ഷം ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. സിനിമ ഇന്‍ഡസ്ട്രിയെ പറ്റി തനിക്ക് പ്രതീക്ഷയില്ലെന്നും മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ച് തന്‍റെ സമയം പാഴായെന്നും അവര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലായിരുന്നു കങ്കണയുടെ പ്രതികരണം.
'ആറു വര്‍ഷമായി റിപ്പോര്‍ട്ട് ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നില്ലേ? അതിനു മേല്‍ അടയിരുന്നില്ലേ. സിനിമ ഇന്‍ഡസ്ട്രിയെ പറ്റി എനിക്ക് ഒന്നും പറയാനില്ല. ഒരു പ്രതീക്ഷയുമില്ലാത്ത സ്ഥലമാണത്. കരിയര്‍ മുതല്‍ ചോയ്സ് വരെ എല്ലാം ത്യാഗം ചെയ്തു. എനിക്കെതിരെ രണ്ടു കേസുകളുണ്ട്. ഞാന്‍ മീ ടൂ മൂവ്മെന്റ് തുടങ്ങിവച്ചു. എന്നാല്‍ അത് എവിടെയുമെത്തിയില്ല. സമാന്തര ഫെമിനിസ്റ്റ് സിനിമകള്‍ ചെയ്തു, എന്നാല്‍ സ്ത്രീകള്‍ തന്നെ എന്നെ ആക്രമിച്ചു. ഞാന്‍ കാരണമാണ് അവര്‍ക്ക് ഈ സിനിമകള്‍ ചെയ്യാന്‍ പറ്റുന്നത്. കാരണം തുല്യവേതനത്തിനായി ഞാനാണ് പോരാടിയത്. ഖാന്‍ സിനിമകളും കപൂര്‍ സിനിമകളും കുമാര്‍ സിനിമകളും ഞാന്‍ ചെയ്യാറില്ല, എന്‍റെ സിനിമയായ എമര്‍ജെന്‍സി നന്നായി ഓടുമ്പോള്‍ ഇവരൊക്കെ ഒളിച്ചിരിക്കുകയാണ്.
സ്ത്രീകളെ ആക്രമിക്കുന്ന സിനിമകള്‍ മറ്റേതു കാലത്തെക്കാളും വിജയിക്കുന്നു. കേരളത്തിലെ ഈ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റി ഞാന്‍ കുറെ നാളുകളായി സംസാരിക്കുന്നു. അതെവിടെ പോയി. സിനിമ ഇന്‍ഡസ്ട്രി പ്രതീക്ഷയില്ലാത്ത സ്ഥലമാണ്. മാറ്റം കൊണ്ടുവരാനായി ശ്രമിച്ച് എന്‍റെ ഒരുപാട് സമയം കളഞ്ഞു. എന്നാല്‍ അത് എന്‍റെ ജീവിതത്തില്‍ ഒരുപാട് മാറ്റം കൊണ്ടുവന്നു. സെക്ഷ്വലൈസ് ചെയ്യുന്ന ഐറ്റം നമ്പരുകള്‍ പിന്തുണയ്ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ സങ്കടം വരാരുണ്ട്. സ്ത്രീകള്‍ തന്നെ മറ്റ് സ്ത്രീകളുടെ സിനിമകളെ പിന്തുണക്കുന്നില്ല,' കങ്കണ പറഞ്ഞു.