jagadish-on-hema-committee

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ  പ്രതികരണം വൈകിയതില്‍ വിയോജിപ്പുമായി അമ്മ വൈസ് പ്രസിഡന്‍റ്  ജഗദീഷ്. ആരോപണ വിധേയര്‍ക്കെതിരെ കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചാല്‍ അമ്മ അച്ചടക്ക നടപടി സ്വീകരിക്കും. ആരോപണ വിധേയര്‍ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. 

ഹേമ കമ്മിറ്റിക്ക് മുമ്പാകെ വനിതകള്‍ നല്‍കിയ മൊഴികള്‍ അപ്രസക്തമാണെന്ന് താന്‍ പറയില്ല. അഞ്ചുകൊല്ലം മുന്‍പ് നടന്നാലും 10 കൊല്ലം മുന്‍പ് നടന്നിരുന്നാലും അട്രോസിറ്റീസ്  , ലൈംഗികമായ ചൂഷണം.. അതൊരിക്കലും സ്വാഗതം ചെയ്യപ്പെടേണ്ടതല്ല. അതിന് നിയമനടപടികള്‍ വരണമെന്നും ജഗദീഷ് നിലപാട് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് പരാതി പറയാന്‍ വേദി ഒരുങ്ങിയത് ഹേമ കമ്മിറ്റി രൂപീകരിച്ചത് കൊണ്ടാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വന്നത് കൊണ്ട് ശുചിമുറി സൗകര്യമുള്‍പ്പടെയുള്ള ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.  

 

അമ്മ അച്ചടക്ക നടപടി എടുക്കും

'പരാതി നല്‍കിയാലേ അന്വേഷണമുള്ളൂവെന്ന സര്‍ക്കാരിന്‍റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. വീണ്ടും മൊഴി കൊടുക്കണമെന്ന് പറയുന്നത് അവരെ വീണ്ടും വേദനിപ്പിക്കുന്നതിന് തുല്യമാണ്. അവര്‍ ആ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നോ, ആ മൊഴി മാറ്റിപ്പറയാന്‍ അവര്‍ സന്നദ്ധരല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകണം. കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ ആ നിമിഷം അച്ചടക്ക നടപടി അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. 

പവര്‍ഗ്രൂപ്പ് ആലങ്കാരിക പദം

പവര്‍ഗ്രൂപ്പ് എന്നത് ആലങ്കാരികമായ പദമാണെന്നും ജഗദീഷ് വ്യക്തമാക്കി. 'അങ്ങനെയൊന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? പവര്‍ഗ്രൂപ്പെന്ന് പറഞ്ഞാല്‍ ഇന്‍ഫ്ലുവന്‍ഷ്യല്‍ ഗ്രൂപ്പെന്നാവാം ഉദ്ദേശിച്ചിട്ടുള്ളത്.  ഇതുവരെ ഇല്ലാത്തൊരു പദമാണ്. അത് ആലങ്കാരിക അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് മനസിലാക്കുന്നതെന്നും ജഗദീഷ്. ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ കരുത്തരായ ,പ്രബലന്‍മാരുടെ സംഘം എന്നാവാം ഉദ്ദേശിച്ചത്' ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

മാഫിയ ഇല്ല

മലയാള സിനിമ രംഗത്ത് മാഫിയ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 'മാഫിയ ഉണ്ടെന്ന് പറയല്ലേ. അങ്ങനെയൊന്നില്ല. കാസ്റ്റിങില്‍.. എനിക്ക് പറ്റിയ റോള്‍ ആണെങ്കില്‍ എന്നെ വിളിക്കും. സിദ്ദിഖിന് പറ്റിയതാണെങ്കില്‍ സിദ്ദിഖിനെ വിളിക്കും. അതില്‍ ഞാന‍് പരിഭവിച്ചിട്ട് കാര്യമില്ല. അത്തരത്തിലുള്ള കാസ്റ്റിങാണ് വനിതകളുടെ കാര്യത്തിലും'. റോളുകളുടെ കാര്യത്തില്‍ പിന്നെ പരിഭവങ്ങള്‍ ഉണ്ടാവാമെന്നും ജഗദീഷ് വിശദീകരിച്ചു. 

കാസ്റ്റിങ് കൗച്ച് ഉണ്ടായിട്ടുണ്ട്

കാസ്റ്റിങ് കൗച്ചെന്നൊക്കെ പറയുന്നത് ചില വനിതകള്‍ക്ക് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരത് പറയുമ്പോള്‍, അവര്‍ക്കത് പറയാന്‍ അവകാശമെന്താ, അന്ന് പറയേണ്ടതല്ലേ എന്ന് ചോദിക്കാന്‍ഞാന്‍ ആളല്ല. അവര്‍ക്ക് എന്നു വേണമെങ്കിലും പരാതി രേഖപ്പെടുത്താം. ഇനിയും കൂടുതല്‍ പരാതികള്‍ വന്നേക്കാം. അതിനെയൊക്കെ തന്നെ നമ്മള്‍ നോക്കേണ്ടത്, ഈ ഹേമ കമ്മിറ്റിയെന്ന് പറയുന്നത് ഞാന്‍ കാണുന്നത്, ഇന്‍ഡസ്ട്രി എങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടുപോകാം എന്നതിനുള്ള മാര്‍ഗമായാണ്. ഇനിയും ഇതുപോലൊരു വിശദീകരണം നടത്താന്‍ ഇടവരരുതെന്നാണ് തന്‍റെ പ്രാര്‍ഥനയെന്നും ജഗദീഷ്. 

ENGLISH SUMMARY:

AMMA vice president Jagadish express his resentment over delayed response in Hema committe report. He says that AMMA will take disciplinary action against alleged members,if any .