തെലുങ്ക് സിനിമാലോകത്തെ പ്രിയ താരജോഡികള്‍ ആയിരുന്നു സാമന്തയും നാഗചൈതന്യയും. വിവാഹം കഴിഞ്ഞ് 4 വര്‍ഷത്തിനിപ്പുറം എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. അന്ന് വലിയ കോളിളക്കമാണ് സിനിമാലോകത്തുണ്ടായത്. ആ സമയത്തെ മറികടക്കാന്‍ ഇരുവരും നന്നായി കഷ്ടപ്പെട്ടിരുന്നു എന്ന് താരങ്ങള്‍ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശാകുന്തളം സിനിമയുടെ സംവിധായകന്‍ ഗുണയുടെ മകള്‍ നീലിമ ഗുണ.
വിവാഹമോചനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞ് വേണമെന്ന് സാമന്ത ആഗ്രഹിച്ചിരുന്നെന്നും അതിനായുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നെന്നുമാണ് നീലിമ പറയുന്നത്. നീലിമയുടെ അച്ഛനായ ഗുണ ശാകുന്തളത്തിന്‍റെ കഥ പറയാന്‍ സാമന്തയെ സമീപിച്ചിരുന്നെന്നും ആ സമയത്ത് താരം ഒരു നിബന്ധന വച്ചിരുന്നെന്നും നീലിമ വെളിപ്പെടുത്തി. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നീലിമയുടെ വെളിപ്പെടുത്തല്‍.
താന്‍ സിനിമ ചെയ്യാമെന്നും എന്നാല്‍ 2021 ഓഗസ്റ്റിന് മുന്‍പായി സിനിമയുടെ ചിത്രീകരണം തീര്‍ക്കണമെന്നും അതിന് ശേഷം തനിക്ക് തന്‍റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കണമെന്നുമായിരുന്നു സാമന്ത പറഞ്ഞിരുന്നത്. ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്നും തനിക്കൊരു അമ്മയാകണമെന്നും അതിനാണ് മുന്‍ഗണനയെന്നും താരം പറഞ്ഞിരുന്നെന്നും നിലിമ പറയുന്നു. ശാകുന്തളം തന്‍റെ അവസാന ചിത്രം ആയിരിക്കുമെന്നും ശേഷം ഒരു അമ്മയാകുന്നതിനായി സിനിമയില്‍ നിന്നും വലിയ ഇടവേളയെടുക്കുമെന്നും സാമന്ത പറഞ്ഞിരുന്നെന്നും നീലിമ കൂട്ടിച്ചേര്‍ത്തു.
വിവാഹമോചനത്തിന് ആറുമാസം മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ കുഞ്ഞിന് ജനിക്കാനായി ഒരു ദിവസം കണ്ടിട്ടുണ്ടെന്നും അതേ ദിവസം തന്നെ കുഞ്ഞ് ജനിക്കുമെന്നും താരം പറഞ്ഞിരുന്നു. തന്‍റെ ബാല്യം അത്ര സുഖമുള്ളതായിരുന്നില്ലെന്നും അതിനാല്‍ തന്‍റെ കുഞ്ഞിനെ പരിചരിക്കാനായി ഒരു ഇടവേള എടുക്കുമെന്നും എപ്പോഴും കുഞ്ഞിനൊപ്പമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.
2017ല്‍ വിവാഹിതരായ താരങ്ങള്‍ 2021ലാണ് വിവാഹമോചിതരായത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ മാസം എട്ടാം തിയതി നടി ശോഭിത ധൂലിപാലയുമായി നാഗചൈതന്യയുടെ വിവാഹനിശ്ചയവും നടന്നിരുന്നു.