aju-alex

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് സൈനീക വേഷത്തിലെത്തിയ മോഹന്‍ലാലിനെ വ്ലോഗിലൂടെ അധിക്ഷേപിച്ച ചെകുത്താന്‍ എന്ന യുട്യൂബര്‍ അജു അലക്സിനെതിരെ കേസ്. പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ തിരുവല്ല പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് പിന്നാലെ തന്‍റെ യുട്യൂബ് ചാനലിലൂടെ അധിക്ഷേപകരമായ പരാമര്‍ശവുമായി അലക്സ് രംഗത്തെത്തിയിരുന്നു. 

അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അധിക്ഷേപ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്. 

'ആശുപത്രിയില്‍ പോകുമ്പോള്‍ യൂണിഫോമിട്ട് ഇറങ്ങുന്ന ആളുടെ പേരാണ് മോഹന്‍ലാല്‍. അതൊക്കെ ചെയ്യാന്‍ ഇന്ത്യയില്‍ മോഹന്‍ലാലിനെ പറ്റത്തുള്ളു. യൂണിഫോം വലിയ സംഭവമായി പോയി. മോഹന്‍ലാല്‍ ആളുകൊള്ളാം. യൂണിഫോം ഒരു വിഷയമാക്കി കളഞ്ഞു'- ചെകുത്താന്‍. 

ദുരന്ത മുഖത്ത് പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ അവരുടെ സംഘടനകളുടെ യൂണിഫോം ഇട്ടിട്ട് വരരുതെന്നും അങ്ങനെയുള്ളവരെ ബാന്‍ ചെയ്യണമെന്നും അലക്സ് പറഞ്ഞു. പകരം രക്ഷാപ്രവര്‍ത്തനത്തിന് വരുന്നവര്‍ക്ക് ഡ്രസ്സ് കോഡ് നല്‍കണമെന്നുമാണ് ഇയാളുടെ ആവശ്യം. മത വസ്ത്രം ധരിച്ച് വരുന്നവരെ ക്യാംപുകളില്‍ കയറ്റരുതെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെയും അലക്സ് അധിക്ഷേപകരമായ പരാമര്‍ശം നടത്തുന്നുണ്ട്. 

ENGLISH SUMMARY:

Youtuber Devil who insulted Mohanlal in custody