asif-ali-landslide

വലിയൊരു ദുരന്തത്തിനു സാക്ഷ്യം വഹിച്ചാണ് കേരളം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് അനുശോചനം രേഖപ്പെടുത്തുകയും സഹായഹസ്തം നീട്ടുകയും ചെയ്യുന്നത്. ഇപ്പോഴിതാ, കനത്തമഴയുടെയും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെയും അടിസ്ഥാനത്തില്‍ ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചു. 

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ഓഗസ്റ്റ് 2 നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആഷിക് ഉസ്മാനാണ് അറിയിച്ചത്. സോഷ്യല്‍മീഡിയയിലൂടെ ആഷിക് ഇക്കാര്യമറിയിച്ചത്. 

ആസിഫ് അലിയും റിലീസ് മാറ്റി വച്ച കാര്യം സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ഒട്ടേറെ പേർക്ക് വീടും നാടും ഇല്ലാതാവുമ്പോൾ,തകർന്നിരിക്കാതെ തോളോട് തോൾ ചേർന്ന്നിൽക്കാനും പ്രാർത്ഥിക്കാനും മാത്രമേസാധിക്കു. മറ്റൊന്നും ചിന്തിക്കാൻ ആവുന്നില്ല എന്നാണ് ആസിഫ് കുറിച്ചത്. നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലായിരിക്കും, പക്ഷേ മുന്നോട്ടുപോയെ പറ്റൂ. ആരുടെയും പ്രതീക്ഷകള്‍ ഒഴുകിപോകാതിരിക്കാന്‍ ഒരു മനസ്സോടെ ശ്രമിക്കാം എന്നും താരം കൂട്ടിച്ചേര്‍ത്തു.

ആസിഫിന്‍റെ കുറിപ്പ്:

അഡിയോസ് അമിഗോ റിലീസ് ഓഗസ്റ്റ് 2 ൽ നിന്നും മാറ്റിവെയ്ക്കുന്നു.

നമ്മുടെ സഹോദരങ്ങൾ വിടപറയുമ്പോൾ,ഒട്ടേറെ പേർക്ക് വീടും നാടും ഇല്ലാതാവുമ്പോൾ,തകർന്നിരിക്കാതെ തോളോട് തോൾ ചേർന്ന്നിൽക്കാനും പ്രാർത്ഥിക്കാനും മാത്രമേസാധിക്കു. . മറ്റൊന്നും ചിന്തിക്കാൻ ആവുന്നില്ല..

നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലായിരിക്കും, പക്ഷെ മുന്നോട്ടു പോയെ പറ്റു നമുക്ക്. .ആരുടെയും പ്രതീക്ഷകൾ ഒഴുകിപോവാതിരിയ്ക്കാൻ ഒരു മനസ്സോടെ ശ്രമിക്കാം, കൂടെനിൽക്കാം.

തോരാതെ പെയ്യുന്ന മഴയും വയനാടിനെ ബാധിച്ച ദുരന്തത്തിലൂടെയുമാണ് നമ്മള്‍ കടന്നുപോകുന്നത്. സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിട്ട കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഹൃദയം കൊണ്ട് ചേര്‍ന്നു നില്‍ക്കുകയാണ്. ഇത് ദുഃഖത്തിന്‍റ സമയമാണ്. ഈ വലിയ ദുരന്തം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളിലും ആഘാതം ഏല്പിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്കൊപ്പം ഞങ്ങൾ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു.അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്. നമ്മുടെ ചിന്തകള്‍ ദുരന്തം ബാധിച്ചവര്‍ക്കൊപ്പമാണെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും സംവിധായകന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ആയിരുന്ന നഹാസ് നാസറിന്‍റെ സംവിധാന അരങ്ങേറ്റമാണ് 'അഡിയോസ് അമിഗോ'. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് 'അഡിയോസ് അമിഗോ'. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആദ്യ ഗാനം എന്നിവ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.