കേരളം ഒരു വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി ജീവനറ്റവരുടെ എണ്ണം 194 ആയി. മരണത്തെ അതിജീവിച്ചവര്‍ക്കാവട്ടെ ഇനി എങ്ങനെ മുന്നോട്ട് ജീവിക്കും എന്നതിനെ കുറിച്ച് വ്യക്തമായ ധാരണകളില്ല. ഉറ്റവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ട മൂവായിരത്തിലേറെ ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.
അപ്രതീക്ഷിത ദുരന്തത്തില്‍ നടുങ്ങി നില്‍ക്കുന്ന കേരളത്തെ ചേര്‍ത്ത് പിടിക്കുകയാണ് തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. വിക്രമിന്‍റെ കേരള ഫാന്‍സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
വിക്രമിന് പുറമെ നിരവധി സുമനസുകളാണ് ദുരന്തമുഖത്തുള്ളവരെ സ്നേഹത്താലും കരുതലിനാലും ചേര്‍ത്ത് പിടിക്കുന്നത്. നിരവധിപ്പേര്‍ ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായി മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും വയനാട്ടിലേക്ക് പുറപ്പെട്ടു. തന്‍റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളുമായി കൊച്ചിസ്വദേശി നൗഷാദും, ക്യാപുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണവുമായി ഷെഫ് പിള്ളയും മേപ്പാടിയിലെത്തിയിരുന്നു.