Image: instagram/ janhvi kapoor
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്‍റിന്‍റെയും സംഗീത് ചടങ്ങില്‍ ജാന്‍വി കപൂറിന്‍റെ പീകോക്ക് നിറത്തിലുള്ള ലെഹങ്ക ചോളി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മയില്‍പീലികള്‍ ചേര്‍ത്തുവെച്ചതുപോലെയുള്ള ഡിസൈനിലുള്ള ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് മനീഷ് മല്‍ഹോത്രയാണ്. മയില്‍പീലിയുടെ ഡിസൈനില്‍ സീക്വിനുകളും സ്റ്റോണ്‍ വര്‍ക്കുകളുമാണ് ലെഹങ്കയില്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ട്രാന്‍സ്പാരന്‍റ് നെക്ക്‌ലൈനോട് കൂടിയ ചോളിയുമായിരുന്നു ജാന്‍വിയുടെ വേഷം. നീലയും വെള്ളയും കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ ചോക്കറും അതിന് യോജിക്കുന്ന കമ്മലും താരം ഇതിനൊപ്പം അണിഞ്ഞു. ഈ വേഷത്തിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം വിശദമായൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിന്‍റെ ഓര്‍മയ്ക്കായാണ് ഈ ലെഹങ്ക തിരഞ്ഞെടുത്തതെന്നും അന്ന് നിറയെ മയിലുകളെ കാണാനായെന്നും ജാന്‍വി കുറിപ്പില്‍ പറയുന്നു. അന്ന് ചുറ്റുമുള്ള കാട് തന്ന അനുഭവം ഏറെ പ്രത്യേകതയുള്ളതായിരുന്നെന്നും വളരെ സമാധാനത്തോടെയുള്ള ആ അന്തരീക്ഷം സമ്മാനിച്ച ഓര്‍മകളാണ് ലെഹങ്ക ഡിസൈന്‍ ചെയ്യാന്‍ പ്രചോദനമായതെന്നും ജാന്‍വി കുറിച്ചു.
'അന്ന് ജാംനഗറില്‍ എല്ലായിടത്തും മയിലുകളായിരുന്നു. നമ്മള്‍ താമസിക്കുന്ന വീടിന്‍റെ മുറ്റത്തും റോഡിലുമെല്ലാം പത്തോളം മയിലുകളെ കണ്ടു. അവര്‍ ചിലപ്പോള്‍ ഞങ്ങള്‍ക്കായി ഒരുക്കിയ ബ്രേക്കഫ്‌സാറ്റ് വരെ വന്ന് കഴിക്കും. ആദ്യം പീകോക്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു മനസിലുണ്ടായിരുന്നത്. അത് ഡിസൈന്‍ ചെയ്തു വന്നപ്പോള്‍ കൂടുതല്‍ മനോഹരമായി. അത് മയില്‍പീലികള്‍ തുന്നിച്ചേര്‍ത്ത ലെഹങ്ക പോലെയായി'. കുറിപ്പില്‍ ജാന്‍വി പറയുന്നു.ഈ ലെഹങ്ക ധരിച്ച് സംഗീത് ചടങ്ങിനിടെ നൃത്തം ചെയ്യുന്ന ചിത്രവും രാധികയെ നൃത്തം ചെയ്യാനായി വേദിയിലേക്ക് ക്ഷണിക്കുന്ന ചിത്രങ്ങളുമെല്ലാം ജാന്‍വി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജാന്‍വിയുടെ ലെഹങ്ക ശരിയാക്കി കൊടുക്കുന്ന കാമുകന്‍ ശിഖര്‍ പഹാരിയയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ജാന്‍വി നിലത്തിരിക്കുന്നതും ലെഹങ്കയുടെ ഉള്ളിലെ ലൈനിങ് കീറിയത് ശിഖര്‍ നന്നാക്കുന്നതുമാണ് ചിത്രത്തില്‍.