മലയാളത്തിലെ ഒരുകാലത്തെ ഹിറ്റ് കോമ്പോ ആയിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, സന്മനസുള്ളവര്‍ക്ക് സമാധാനം തുടങ്ങി ഈ കൂട്ടുകെട്ട് സമ്മാനിച്ച എത്രയോ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ ഫേവറ്റേറ്റ് ലിസ്റ്റിലുണ്ട്. കാലം മാറിയപ്പോള്‍ ആ വിജയം ആവര്‍ത്തിക്കുകയാണ് മോഹന്‍ലാലിന്റെ മകനും ശ്രീനിവാസന്റെ മക്കളും ചേര്‍ന്ന്.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ഒരുക്കിയ ഹൃദയം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ കോമ്പോ വീണ്ടും ഒന്നിച്ച വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിനും തിയറ്ററുകളില്‍ കയ്യടി ഉയരുന്നു. ധ്യാന്‍ ശ്രീനിവാസനെയും പ്രണവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് വിനീത് സിനിമയൊരുക്കിയിരിക്കുന്നത്. മക്കളുടെ സിനിമ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പം താന്‍ സിനിമ കാണുന്നതിന്റെ ചിത്രവും കൂടെ മനോഹരമായൊരു കുറിപ്പുമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡീയിയില്‍ പങ്കുവച്ചിരിക്കുന്നത്.
സിനിമ കണ്ടപ്പോള്‍ താന്‍ പഴയ കാലങ്ങളിലേക്ക് പോയെന്ന് മോഹന്‍ലാല്‍ കുറിച്ചു. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്, അനുഭവങ്ങളെല്ലാം കഴിയുമ്പോള്‍ ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ കുറിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചത്.
മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും വിനീത് ശ്രീനിവാസന്റെ തന്നെയാണ്. പ്രണവ്, ധ്യാന്‍ എന്നിവരെക്കൂടാതെ നിവിന്‍ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.