mammootty-kaathal-movie-viral-video

‘കാതൽ’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ നിമിഷം പങ്കുവച്ച് പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവിൽ. യുട്യൂബ് ഷോര്‍ട്സിലൂടെയാണ് താരം വിഡിയോ പങ്കുവച്ചത്. 

സിനിമ ഷൂട്ടിങ്ങിനിടെ യാദൃച്ഛികമായി തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറി ചെല്ലുകയും വീട്ടിലെ ആളുകളോട് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയുമാണ് വിഡിയോയിലുള്ളത്. സിനിമ കാണുന്നത് നല്ലതാണെന്നും വീട്ടിലെ ആളുകളോട് മറ്റ് വിശേഷങ്ങള്‍ ചോദിക്കുന്നതും വിഡിയോയിലുണ്ട്. 

സ്കൂട്ടറിൽ മമ്മൂട്ടി സഞ്ചരിക്കുന്ന സീന്‍ എടുക്കുന്നതിനു വേണ്ടി അവിടേക്ക് പുറപ്പെടുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. അടുത്ത ഷോട്ട് സെറ്റ് ചെയ്യുന്നതിന്റെ ഇടവേളയിൽ ഒരൽപം വിശ്രമിക്കുന്നതിന് വേണ്ടി സമീപത്തുള്ള വീട്ടിലേക്കു കയറുകയായിരുന്നു. അപ്രതീക്ഷിതമായി താരത്തെയും അണിയറപ്രവര്‍ത്തകരെയും കണ്ടപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു. 

വീടിന്‍റെ വരാന്തയിലിരുന്ന വയോദികയോടാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. പ്രായമായതിനാൽ അങ്ങനെ സിനിമയൊന്നും കാണാറില്ലെന്നു പറഞ്ഞ അമ്മൂമ്മയോട് ‘സിനിമ കാണുന്നത് നല്ലതാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അതിനുള്ള സൗകര്യങ്ങളൊരുക്കി തരാൻ പറയാമെന്നും മമ്മൂട്ടി പറയുന്നുണ്ട്. വീട്ടുകാരെല്ലാവരോടും വിശേഷങ്ങൾ തിരക്കിയതിനു ശേഷമാണ് മമ്മൂട്ടി അടുത്ത ഷോട്ടിനായി ഇറങ്ങിയത്. വി‍ഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കമന്‍റുകളുമായെത്തുന്നത്.