suriya-kanguva

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കങ്കുവയുെട ടീസര്‍ പുറത്തിറങ്ങി. സൂര്യ നായകനായെത്തുന്ന ചിത്രം സിരുത്തൈ ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് കങ്കുവ. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന കങ്കുവ  സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

 

മുന്നൂറ് കോടി ബജറ്റിലാണ് കങ്കുവ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന് 3ഡി, ഐമാക്സ് പതിപ്പുകള്‍ ഉണ്ടാവും. ഒരു ബ്രഹ്മാണ്ഡ ചിത്രമായാണ് കങ്കുവ ഒരുക്കിയിരിക്കുന്നതെന്ന് തെളിക്കുന്നതാണ് ചിത്രത്തിന്‍റെ ടീസര്‍. യോദ്ധാവിന്‍റെ വേഷപ്പകര്‍ച്ചയില്‍ പകര്‍ന്നാട്ടം നടത്തുന്ന സൂര്യയെയും കൊടൂര വില്ലനായി ഭയപ്പെടുത്തുന്ന ബോബി ഡിയോളിന്റെ കഥാപാത്രത്തെയും ടീസറില്‍ കാണാം. തമിഴ് സിനിമ ഇതുവരെ കാണാത്ത ദൃശ്യവിസമയം തീര്‍ക്കാനൊരുങ്ങുകയാണ് കങ്കുവ എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

38 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് സൂര്യയുടെ നായികയായെത്തുന്നത്. ജഗപതി ബാബു, യോഗി ബാബു, നടരാ‍ജന്‍ സുബ്രഹ്മണ്യം, കോവയ് സരള എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്. 500 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ ആക്ഷന് വളരെയധികം പ്രധാന്യമുണ്ടെന്ന് തെളിക്കുന്നതാണ് പുറത്തുവന്ന ടീസര്‍. സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി കങ്കുവ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Kanguva Teaser Out Now