മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഓപ്പറേഷൻ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ 360ാം ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് പോസറ്റില്‍ മോഹന്‍ലാലിന്‍റെ 360ാം ചിത്രം എന്ന് സൂചിപ്പിക്കും വിധം L360 എന്നാണ് കൊടുത്തിരിക്കുന്നത്.
രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന L360 നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. ചിത്രത്തിന്‍റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നിരവധി താരങ്ങളാണ് ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് പോസ്റ്ററിന് താഴെ അഭിനന്ദനമറിച്ച് രംഗത്തെത്തിയത്. ഓപ്പറേഷൻ ജാവ,സൗദി വെള്ളയ്ക്ക എന്നീ രണ്ട് ചിത്രങ്ങളിലൂടെയും ഏറെ പ്രശംസ പിടിച്ചുപറ്റിയ യുവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൂസിഫര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാന്‍. ജോഷിയുടെ സംവിധാനത്തില്‍ ചെമ്പന്‍ വിനോദ് തിരക്കഥയെഴുതി അണിയിച്ചൊരുക്കുന്ന റംബാനാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന മറ്റൊരു ചിത്രം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസും റിലീസിന് തയ്യാറെടുക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
Mohanlal is set to team up with Tharun Moorthy; announcement poster out now