Jayachandran-HD

ജി.ദേവരാജന്‍ മാസ്റ്ററില്‍ തുടങ്ങി വി.ദക്ഷിണാമൂര്‍ത്തിയും ബാബുക്കയും ഒക്കെ ചേരുന്ന മലയാളത്തിന്റെ മാസ്റ്റേഴ്സിന്റെ ഈണങ്ങളില്‍ പണിത പാട്ടുസാമ്രാജ്യത്തിന്റെ പേരാണ് പി.ജയചന്ദ്രന്‍. 

 

ദേവരാജന്‍ മാഷ് സംഗീതംചെയ്ത് ചുക്ക് എന്ന സിനിമയ്ക്ക് വേണ്ടി 70കളുടെ തുടക്കത്തില്‍ പി.ജയചന്ദ്രന്‍ പാടിയ പാട്ട് ജയചന്ദ്രനെന്ന പേരിനെ പ്രേക്ഷക മനസില്‍ കൊത്തിവച്ചു. അദ്ദേഹത്തിന്റെ പാട്ടുകളിലേക്ക് നോക്കുമ്പോള്‍, അതൊരുകടലാണ്. ആ കടലിലേക്ക് നോക്കുമ്പോള്‍ മനസിലാകും പലതലമുറയ്ക്ക് പാടാനുള്ളത്, ആസ്വദിക്കാനുള്ളത് പാടിത്തുടങ്ങി പതിനഞ്ചോ ഇരുപതോ വര്‍ഷംകൊണ്ട് ജയചന്ദ്രന്‍ പാടിത്തീര്‍ത്തിട്ടുണ്ടെന്ന്. 

 

72ല്‍ ഇറങ്ങിയ മായയിലെ സന്ധ്യക്കെന്തിന് സിന്ദൂരം, മുത്തശ്ശിയിലെ ഹര്‍ഷബാഷ്പം തൂകി, പുള്ളിമാനിലെ ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ തുടങ്ങി ജി.ദേവരാജന്‍, വി.ദക്ഷിണാമൂര്‍ത്തി, എംകെ അര്‍ജുനന്‍, കെ.രാഘവന്‍, എംഎസ് വിശ്വനാഥന്‍, ബാബുരാജ് തുടങ്ങി എല്ലാ മഹാരഥരുടേയുമായി എത്രയെത്ര പാട്ടുകള്‍.

 

ജയചന്ദ്രന്‍ പാടിത്തുടങ്ങിയശേഷം പിറന്ന ഓരോ തലമുറയ്ക്കും ഏറ്റുപാടാനുള്ള പാട്ടുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഓരോ പതിറ്റാണ്ട് പിന്നിടുമ്പോഴും, കാലം ആ ശബ്ദത്തിനുമേല്‍ ഭാവമഴ പെയ്യിച്ചുകൊണ്ടേയിരുന്നു. പ്രിയഗായകന് ജന്മദിനാശംസകള്‍.

P. Jayachandran's 80th birthday