പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഗിരീഷ് എ.ഡിയുടെ യുവതാര ചിത്രം പ്രേമലു തിയറ്ററുകള്‍ ഭരിച്ച് മുന്നോട്ട്. സൂപ്പര്‍താര ചിത്രം ഭ്രമയുഗത്തിന് ഒരാഴ്ച മുന്‍പേ എത്തിയ പ്രേമലു, പുതിയ ചിത്രങ്ങള്‍ക്കിടയിലും തളരാതെ 50 കോടി ക്ലബ്ബില്‍. നസ്ലനും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് ആഗോളതലത്തിലാണ് ഈ കളക്ഷന്‍ നേട്ടം. ന്യൂജെൻ പിള്ളേരുടെ പ്രേമവും ജീവിതവും നല്ല കളറായി പറഞ്ഞാണ് ചിത്രം ജനപ്രിയമായത്.
റിലീസ് ചെയ്ത് ആദ്യദിനങ്ങളില്‍ തന്നെ പ്രേമലു തിയറ്ററുകള്‍ കീഴടക്കി. 12–ാം ദിവസമാണ് ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ആഗോള കലക്‌ഷനാണിത്. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയാണെന്നതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓസ്ട്രേലിയ പോലുളള വിദേശ രാജ്യങ്ങളിലും ചിത്രത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫെബ്രുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഗിരീഷ് എ.ഡിയുടെ സംവിധാനമികവ് ചിത്രത്തിന് ഹൈപ്പ് നല്‍കിയിരുന്നെങ്കിലും റിലീസ് ചെയ്തതോടെ സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു സൂപ്പര്‍ ചിത്രമെന്ന്. ഇത്തരത്തിലൊരു ഗംഭീര ഓപ്പണിങ് അടുത്തകാലത്ത് മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു നിര്‍മിച്ചിരിക്കുന്നത് ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ്. 2024 ആദ്യ 50 കോടി ചിത്രം എന്ന നേട്ടവും ഇനി പ്രേമലുവിന് സ്വന്തം. ആഗോള കളക്ഷനില്‍ 35 കോടി പിന്നിട്ട ഭ്രമയുഗവും വൈകാതെ 50 കോടി ക്ലബില്‍ ഇടംനേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
'Premalu' breaks 50 crore collection record within 12 days