neha-gnanavel

തമിഴ് സിനിമയിലെ കിരീടം വയ്ക്കാത്ത നിർമാതാവാണ് ജ്ഞാനവേൽ രാജ. സൂപ്പർ താരം സൂര്യയുടെയും കാർത്തിയുടെയും ഭൂരിഭാഗം ചിത്രങ്ങളും നിർമ്മിച്ചത് രാജയായിരുന്നു. താന സേർന്ത കൂട്ടം, സിങ്കം 3, കൊമ്പൻ, ഞാൻ മഹാൻ അല്ലൈ, മദ്രാസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ലിസ്റ്റിൽ. എന്നാൽ ഭാര്യയും കോസ്റ്റ്യും ഡിസൈനറുമായ നേഹ ജ്ഞാനവേലിന്റെ ട്വീറ്റാണ് ജ്ഞാനവേൽ രാജയെ വാർത്തകളിൽ നിറയ്ക്കുന്നത്. തമിഴ് നടിമാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായിരുന്നു നേഹയുടെ ട്വീറ്റ്. തമിഴ് നടിമാർക്ക് വിവാഹം കഴിഞ്ഞവരെ മാത്രം മതിയെന്നും വേശ്യകളെക്കാൾ തരം താഴ്ന്നവരാണെന്നുമുളള പരാമർശം വിവാദമായതിനെ തുടർന്ന് നേഹ ട്വീറ്റ് പിൻവലിച്ചു. ജ്ഞാനവേൽ രാജയും നേഹയും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും നേഹ ഗാർഹിക പീഡനം അനുഭവിച്ചു വരികയാണെന്നും ഉൗഹാപോഹങ്ങൾ ശക്തമായതിനെ തുടർന്ന് മറ്റൊരു ട്വീറ്റിലൂടെ വിശദീകരണവുമായി നേഹ രംഗത്തെത്തി. 

തന്റെ കുടുംബത്തെയും ജ്ഞാനവേൽ രാജയെ കുറിച്ചും ആയിരുന്നില്ല തന്റെ ട്വീറ്റെന്നും മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥ കണ്ട് അതിനെതിരെ പ്രതികരിച്ചതാണെന്നും നേഹ വ്യക്തമാക്കി. ജീവിതത്തിലൂടെ മനസിലാക്കിയ കാര്യങ്ങൾ മാത്രമാണ് ഞാൻ പങ്ക് വെച്ചത്. വേശ്യകളെക്കാൾ തരം താഴ്ന്ന രീതിയിലാണ് പല നടിമാരുടെ പ്രവർത്തനമെന്നും ഇത്തരക്കാർ പല നിർമാതാക്കളുടെയും പുറകെ പോകുന്നവരാണെന്നും കുടുംബങ്ങൾ തകർക്കുന്നവരാണെന്നും നേഹ തുറന്നടിച്ചു.

ചില നടിമാർ വിവാഹം കഴിഞ്ഞ പുരുഷൻമാരെ മാത്രം വശീകരിക്കുന്നവരാണ്. അവർക്ക് വേണ്ടി മാത്രം കിടപ്പറ ഒരുക്കി കാത്തിരിക്കുന്നവരാണ്. പല നടിമാരുടെയും വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ പുറത്തുവിടുമെന്നും നേഹ പ്രതികരിച്ചു. ഒരു പുരുഷനും കുട്ടിയല്ലെന്ന് അംഗീകരിക്കുന്നു. പക്ഷേ ഇവരുടെ തുറന്ന മനോഭാവം ഇത്തരക്കാരെ സഹായിക്കുന്നു. പ്രശസ്തിയും പണവുമെല്ലാം നടിമാർ ഇത്തരം ബന്ധങ്ങളിലൂടെ നേടിയെടുക്കുന്നുവെന്നും നേഹ ആരോപിച്ചു. 

ഈ ട്വീറ്റ് വളച്ചൊടിക്കപ്പെട്ടതിൽ വേദനയുണ്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ട്വീറ്റ് പിൻവലിച്ചത്. താൻ നല്ലൊരു കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ഭർത്താവുമായി പ്രശ്നങ്ങൾ ഇല്ലെന്നും നേഹ പറഞ്ഞു. കുടുംബങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാനല്ല. സ്ത്രീകള്‍ സ്ത്രീകളില്‍ നിന്ന് നേരിടുന്ന ഭീഷണികളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇത്തരത്തിൽ പെരുമാറുന്ന സ്ത്രീകൾക്കുളള മുന്നറിയിപ്പാണെന്നും നേഹ പറഞ്ഞു.