Image Credit : Twitter / @karthiksubbaraj
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന കാർത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ആദ്യഷോട്ട് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കാർത്തിക് സുബ്ബരാജാണ് വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യ ഷോട്ട് എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സ്നേഹം, ചിരി, യുദ്ധം എന്നീ ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്.
കടലിലേക്ക് നോക്കിയിരിക്കുന്ന സൂര്യയാണ് ആദ്യ ഫ്രെയിമിലുള്ളത്. സൂര്യയുടെ അടുത്തതായി രണ്ടുബാഗുകളും കാണാം. ലോങ് ഷോട്ടില്‍ തുടങ്ങുന്ന വിഡിയോ പിന്നീട് സൂര്യയുടെ ക്ലോസ് ഷോട്ടിലേക്ക് വരികയാണ്. എണ്‍പതു കാലഘട്ടത്തിലെ വിന്‍റേജ് ലുക്കിലുള്ള സൂര്യയാണ് വിഡിയോയിലുള്ളത്. താഴേക്കുനീട്ടി വളർത്തിയ മീശയും കയ്യിൽ തൂങ്ങിക്കിടക്കുന്ന ബ്രേസ്‌ലെറ്റും ആകെ ഒരു മാസ് അപ്പീൽ നൽകുന്നു.
സൂര്യയുടെ സിനിമാ ജീവിതത്തിലെ 44ാമത് ചിത്രമാണിത്. സൂര്യ 44 എന്നാണ് ചിത്രത്തിന് താല്കാലികമായി നല്‍കിയിരുന്ന പേര്. ആൻഡമാൻ ആണ് പ്രധാനലൊക്കേഷൻ. സുധ കൊങ്കരയുമൊത്തുള്ള സിനിമയുടെ ചിത്രീകരണം മാറ്റിവച്ചതോടെയാണ് കാർത്തിക്കുമായി പ്രവര്‍ത്തിക്കാന്‍ സൂര്യ തീരുമാനിച്ചത്. 'ജിഗർതണ്ട ഡബിൾ എക്‌സിനു' ശേഷം കാർത്തിക് സുബ്ബരാജ് ചെയ്യുന്ന സിനിമയാണിത്.
പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.മലയാള സിനിമാ മേഖലയില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.