mohanlal-operation-ganga

മലയാള സിനിമയെ ആവേശത്തിലാഴ്ത്തി പുതിയ ചിത്രം പ്രഖ്യാപിച്ച് സൂപ്പർസ്റ്റാർ മോഹൻലാല്‍. ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഓപ്പറേഷൻ ഗംഗ' എന്നാണ് പേരിട്ടിരിക്കുന്നത്. മോഹൻലാൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'A NATION'S PROMISE' (ഒരു രാജ്യത്തിന്റെ വാഗ്ദാനം) എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്.

‌യുക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കയ്യിൽ വാളും പരിചയുമായി നഗരത്തിന് മുകളിൽ നിൽക്കുന്ന കൂറ്റൻ സ്ത്രീ പ്രതിമയും പശ്ചാത്തലത്തില്‍ യുദ്ധവിമാനവും മേഘാവൃതമായ അന്തരീക്ഷവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ദേശസ്നേഹം പ്രമേയമാക്കി ആക്ഷനും പ്രാധാന്യമുള്ള മിലിട്ടറി ബാക്ക്ഡ്രോപ്പ് ചിത്രമായിരിക്കും എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

മോഹന്‍ലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരുമാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. ബോളിവുഡ് താരം അർജുൻ രാംപാൽ, പ്രശസ്ത നടി ഭാഗ്യശ്രീ ബോർസെ, പാർഥിപൻ, ആദിൽ ഹുസൈൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം, ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചു. മോഹൻലാലും ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രം ധുരന്തറിന്‍റെ  വൻ വിജയത്തിന് ശേഷം പ്രശസ്ത സംഗീതസംവിധായകൻ ശാശ്വത് സച്ച്ദേവാണ് ‘ഓപ്പറേഷൻ ഗംഗ’യുടെ സംഗീതമൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തർ’, ‘കിൽ’ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓയും ചിത്രത്തിന്‍റെ ഭാഗമാണ്.

‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായ രാജീവൻ, എഡിറ്റർ ഷമീർ മുഹമ്മദ്, ‘ധുരന്തർ’, ‘ഉറി’, ‘3 ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സൗണ്ട് ഡിസൈനർ ബിഷ്വദീപ് ചാറ്റർജി, ‘കാന്താര’യുടെ വിഎഫ്എക്സ് സൂപ്പർവൈസർ കെ. വി. സഞ്ജിത്, ‘സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, "ലോക" കോസ്റ്റ്യൂം ഡയറക്ടർ മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകുന്നു.

കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഛായാഗ്രഹണം - മിറോസ്ലാവ് കുബ ബ്രോസെക്, സംഗീതം - ശാശ്വത് സച്ച്ദേവ്,  ആക്ഷൻ ഡയറക്ഷൻ - സീ യങ് ഓ, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ - ബിഷ്വദീപ് ചാറ്റർജി, വിഎഫ്എക്സ് സൂപ്പർവിഷൻ - കെ. വി. സഞ്ജിത്, മിലിട്ടറി അഡ്വൈസർ - സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, കോസ്റ്റ്യൂം ഡിസൈൻ - മെൽവി ജെ, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ- ശബരി, വാഴൂർ ജോസ്.

ENGLISH SUMMARY:

Superstar Mohanlal has officially announced his next project, titled Operation Ganga, directed by National Award winner Vishnu Mohan (Meppadiyan). Based on India’s historic evacuation mission during the Russia-Ukraine war, the patriotic action-thriller carries the tagline "A NATION'S PROMISE." Produced by Gokulam Gopalan under Sree Gokulam Movies, the film features an ensemble pan-Indian cast including Arjun Rampal, Bhagyashri Borse, Parthiban, and Adil Hussain. Filming has commenced in Georgia, with a massive 180-day shoot planned across Poland, Georgia, Kazakhstan, Delhi, Dehradun, and Kochi. The project boasts high-profile technicians, including cinematographer Mirosław Kuba Brożek (Pushpa franchise), composer Shashwat Sachdev (Dhurandhar), and action director Se-yeong Oh (Kill, Dhurandhar).